മോസ്കോ: റഷ്യക്കുള്ളിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടരുന്നു. കഴിഞ്ഞദിവസം രാത്രി അധിനിവേശ ക്രിമിയയിലും പേർമ്, റിയാസാൻ, ടഗാന്റോഗ് നഗരങ്ങളിലുമായി എണ്ണശുദ്ധീകരണ ശാലകളും മറ്റു വ്യവസായ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പനക്കാരായ വൈൽഡ്ബറീസിന്റെ ഗോഡൗണിൽ വീണ്ടും ഡ്രോൺ പതിച്ചു. റിയാസാൻ നഗരത്തിലെ ഗോഡൗണിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു മാറ്റി.
ഇതോടെ, അടുത്ത ദിവസങ്ങളിൽ യുക്രെയ്ൻ ആക്രമണത്തിൽ നശിച്ച വൈൽഡ്ബറീസ് ഗോഡൗണുകളുടെ എണ്ണം ഏഴായി.
റഷ്യയിലെ ആമസോൺ എന്നറിയപ്പെടുന്ന ഈ കന്പനിയുടെ സംഭരണശേഷിയിൽ പത്തു ശതമാനത്തിന്റെ കുറവുണ്ടായി. യുക്രെയ്ൻ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി കന്പനി കസാക്കിസ്ഥാനിൽ ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ സംഭരണശേഷിയുള്ള സ്ഥലം അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
യുക്രെയ്നിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള പെർമ് നഗരത്തിൽ വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നല്കാൻ തയാറായില്ല.
ടഗാന്റോഗ് നഗരത്തിലെ അപ്പാർട്ട്മെന്റിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരു വനിത കൊല്ലപ്പെട്ടു. അധിനിവേശ ക്രിമിയയിൽ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ, യുക്രെയ്നിലെ ഖേർസൻ നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ന് ആയുധവുമായി ഒഡേസ തുറമുഖത്തെത്തിയ രണ്ടു കപ്പലുകളെ ആക്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.