കോഴിക്കോട്: കുരങ്ങിനെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍നിന്നു രണ്ടിലേക്ക് മാറ്റാന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശ. 2022ല്‍ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്ന സമയത്ത് പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഷെഡ്യൂള്‍ രണ്ടില്‍ ഉണ്ടായിരുന്ന കുരങ്ങിനെ ഷെഡ്യൂള്‍ ഒന്നിലേക്ക് മാറ്റിയത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര വന്യജീവി ബോര്‍ഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുരങ്ങിനെ വീണ്ടും ഷെഡ്യൂള്‍ രണ്ടിൽപ്പെടുത്താന്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തത്. കഴിഞ്ഞദിവസം കേന്ദ്ര വനം-വന്യജീവി സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിൽപ്പെടുത്തണമെന്നും മുമ്പ് കേരളം നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രം പരിഗണിച്ചിരുന്നില്ല. അതിനിടെ കഴിഞ്ഞദിവസം രാജ്യസഭയില്‍ സുധാ മൂര്‍ത്തിയുടെ ചോദ്യത്തിന് ഉത്തരമായാണ് ദേശീയവന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശകള്‍ വകുപ്പ് മന്ത്രി അറിയിച്ചത്.
സംരക്ഷണത്തിന്റെ പ്രാധാന്യം അനുസരിച്ചാണ് വന്യജീവികളെ വിവിധ ഷെഡ്യൂളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷെഡ്യൂള്‍ രണ്ടിലാണു നിലവില്‍ കാട്ടുപന്നിയെ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് മാറ്റി ക്ഷുദ്രജീവിയാക്കി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണു കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഇക്കഴിഞ്ഞ ജൂണ്‍ 11ന് കേരളത്തിന് അയച്ച കത്തിലും കേന്ദ്ര മന്ത്രാലയം അറിയിച്ചിരുന്നു.
ഷെഡ്യൂള്‍-1
ഏറ്റവും ഉയര്‍ന്ന സംരക്ഷണം നല്‍കുന്നത് ഷെഡ്യൂള്‍ ഒന്നിൽപ്പെട്ട വന്യജീവികള്‍ക്കാണ്. വംശനാശ ഭീഷണി നേരിടുന്നതും വളരെ അപൂര്‍വവുമായ ജീവികളെയാണു ഷെഡ്യൂള്‍ ഒന്നിൽപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ വേട്ടയാടല്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വേട്ടയാടല്‍ ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്.
ഷെഡ്യൂള്‍ ഒന്നിലെ ജീവികളെ വേട്ടയാടിയാലുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ പോലും കൂടുതല്‍ കാലയളവിലേക്കാണ്. (കുറഞ്ഞത് മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും 10,000 രൂപയില്‍ കുറയാത്ത പിഴയും).
ഷെഡ്യൂള്‍ -2
ഷെഡ്യൂള്‍ ഒന്നിനേക്കാള്‍ കുറഞ്ഞ സംരക്ഷണമാണു ഷെഡ്യൂള്‍ രണ്ടിൽപ്പെട്ട ജീവികള്‍ക്കു നല്‍കുന്നത്.വംശനാശ ഭീഷണി ഇല്ലാത്തതോ എന്നാല്‍ സംരക്ഷിക്കപ്പെടേണ്ടതോ ആയ ജീവികളെയാണ് രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ ജീവികളെ വേട്ടയാടാന്‍ അനുവാദമുണ്ടെന്നതാണ് ഷെഡ്യൂള്‍ രണ്ടിന്റെ പ്രധാന സവിശേഷത.
മനുഷ്യജീവനു ഭീഷണി ഉയര്‍ത്തുന്നതോ നിരന്തരം വിളനാശം വരുത്തുന്നതോ ആയ ഷെഡ്യൂള്‍ രണ്ടിൽപ്പെട്ട വന്യജീവികളെ കൊല്ലാന്‍ അനുമതി നല്കാന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിടാന്‍ കഴിയും. ഇതുപ്രകാരമാണു കേരളത്തില്‍ കാട്ടുപന്നികളെ നിയമവിധേയമായി വെടിവച്ചുകൊല്ലുന്നത്.