മഹാരാഷ്ട്രയിലെ അമരാവതി നഗര മധ്യത്തിൽ പുള്ളിപ്പുലിയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. രാംപുരി ക്യാമ്പിലെ ഒരു കെട്ടിടത്തിനുള്ളിലാണ് ഒൻപത് മാസം പ്രായം തോന്നിക്കുന്ന പുലിക്കുട്ടി അഭയം തേടിയത്.
വിവരമറിഞ്ഞ് വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. ഇതിനിടയിൽ കെട്ടിടത്തിന്റെ ജനലിലൂടെ പുലി പുറത്തേക്ക് ചാടിയത് രക്ഷാപ്രവർത്തകരെയും നാട്ടുകാരെയും കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്.
തുടർന്ന് വനംവകുപ്പും പൊലീസും നഗരസഭയും സംയുക്തമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് പുള്ളിപ്പുലിയെ പരിക്കുകളൊന്നുമില്ലാതെ ജീവനോടെ വലയിലാക്കിയത്.
നഗരത്തിലെ തിരക്കേറിയ ഭാഗമായതിനാൽ ഏറെ ജാഗ്രതയോടെയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയതെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥലത്തെത്തിയ മേയറും ഉദ്യോഗസ്ഥരും വ്യക്തമാക്കി.