കോട്ടയം: ജില്ലയില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും മന്ത്രി മോന്‍സ് ജോസഫിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗം കുടിവെള്ള വിതരണവുമായും ജലജീവന്‍ മിഷനുമായും ബന്ധപ്പെട്ട് ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലെയും നിലവിലെ സ്ഥിതി വിലയിരുത്തി.
ജലജീവന്‍ മിഷന് നിര്‍വഹണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കിയ സമയപരിധിക്കുള്ളില്‍തന്നെ ജില്ലയിലെ എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുന്നതിന് നടപടിയുണ്ടാകുമെന്ന മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
എംഎല്‍എമാരുടെ നേതൃത്വത്തില്‍ സമിതി
ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ ചെയര്മാന്മാരായി സ്റ്റാറ്റ്യൂട്ടറി സമിതികള്‍ രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വാട്ടര്‍ അതോറിറ്റി, ജലവിഭവം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെയും കെഎസ്ഇബിയിലെയും ഉദ്യോഗസ്ഥരും വനമേഖലയുള്ള സ്ഥലങ്ങളില്‍ വനം വകുപ്പ് പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും.
അടുത്ത ജനുവരിയില്‍ നിലവില്‍ വരുന്ന ഈ സമിതികള്‍ എല്ലാ മാസവും യോഗം ചേരും. നിയോജക മണ്ഡലം തലത്തില്‍ പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ മൂന്നു മാസത്തിലൊരിക്കല്‍ ചേരുന്ന മന്ത്രിതല യോഗത്തില്‍ പരിഗണിക്കും.
മെഡി.കോളജിലേക്ക് പുതിയ പൈപ്പ് ലൈന്‍
കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നിലവില്‍ വെള്ളമെത്തിക്കുന്ന പൈപ്പുകള്‍ ഏറെ കാലപ്പഴക്കം ചെന്നതാണ്. ഇവ നീക്കം ചെയ്ത് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി വേണ്ടിവരുന്ന 85 ലക്ഷം രൂപയില്‍ 25 ലക്ഷം രൂപ ചെലവിടാമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പോളനിര്മാര്ജനം: യോഗം വിളിക്കും
കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ പോള ശല്യം ഒഴിവാക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യത ആരായുന്നതിന് കോട്ടയത്ത് പ്രത്യേക യോഗം വിളിക്കും.
ഉന്നതതല യോഗത്തിൽ എംഎല്‍എമാരായ നാട്ടകം സുരേഷ്, റോണി കെ. ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍, വിനു ജോബ് കുഴിമണ്ണില്‍, കെ.ബിനിമോന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എസ്. പ്രേം കൃഷ്ണന്, വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.