തിരുവനന്തപുരം: ബേക്കറികൾ വഴി വീര്യം കൂടിയ വൈൻ വില്പന നടത്താനുള്ള രണ്ടാം പിണറായി സർക്കാരിന്റെ തീരുമാനം നടപ്പിലാക്കാൻ മുന്നിൽനിന്നതു അബ്കാരി ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സി.കെ. അനിൽകുമാർ.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അനിൽ കുമാറിനെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചത്. അനിൽകുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ് എക്സൈസ് കമ്മീഷണർ പുറത്തിറക്കിയത് എന്നാണ് പ്രഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ഈ റിപ്പോർട്ടിനെ തുടര്‍ന്നാണ് അവധി ആയിരുന്നിട്ടും ഇന്നലെതന്നെ അനിൽകുമാറിനെ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത തീരുമാനമായിരുന്നു ഇത്. എന്നാൽ, പുതിയ സർക്കാരിന്റെ മദ്യനയം വരുന്നതിനുമുമ്പേ തീരുമാനം സർക്കാർ അറിയാതെ നടപ്പിലാക്കിയതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അതൃപ്തി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു വിഷയത്തിൽ ഇടപെടുകയും ആഭ്യന്തര അന്വേഷണം നടത്തുകയും അനിൽകുമാറിന്റെ പങ്ക് കണ്ടെത്തിയതോടെയാണ് അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനമുണ്ടായത്. ചുമതലയിൽ നിന്ന് നീക്കിയെങ്കിലും ഉത്തരവിൽ അനിൽകുമാറിന് പകരം ചുമതല നൽകിയിട്ടില്ല.
പരിധിലംഘിച്ച് ഉദ്യോഗസ്ഥനീക്കം
മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ അറിയാതെ വീര്യം കൂടിയ വൈൻ വില്പന നടത്താനുള്ള എക്സൈസ് ഉദ്യോഗസ്ഥൻ നടത്തിയ നീക്കം പരിധികടന്നുവെന്ന നിലപാടിലാണ് സർക്കാർ. ഇതിന്റെ ഭാഗമായിട്ടാണ് ഉണർന്നു പ്രവർത്തിച്ചു വില്പന മരവിപ്പിച്ചതും ഉദ്യോഗസ്ഥനെ മാറ്റിയതും.
നിലവില്‍ പുതിയ മദ്യനയ ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് അനുമതി നല്‍കിയതെന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.പുതിയ എക്സൈസ് കമ്മിഷണര്‍ ചുമതലയേറ്റ് രണ്ടു ദിവസത്തിനകമാണ് ഉത്തരവിറങ്ങിയത്. നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പഴയ നയപ്രകാരം ധാരണ നല്‍കിയതിനെത്തുടര്‍ന്നാണ് കമ്മിഷണര്‍ക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നതെന്നാണ് വ്യക്തമാകുന്നത്.
എക്സൈസ് കമ്മിഷണര്‍ സമര്‍പ്പിക്കാന്‍ പോകുന്ന വിശദമായ റിപ്പോര്‍ട്ട് കൈപ്പറ്റിയ ശേഷം മന്ത്രി എം. ലിജുവും സര്‍ക്കാരും എന്തു കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഏതായാലും മദ്യനയം പ്രഖ്യാപിക്കുന്നതുവരെ വില്പന മരവിപ്പിച്ചിട്ടുണ്ട്.