ന്യൂഡൽഹി: വിവാദമായ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്സിആർഎ) ബിൽ പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽതന്നെ പാസാക്കിയേക്കും. ബിൽ അവലോകനത്തിനായുള്ള സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അംഗവും ബിജെപി രാജ്യസഭാംഗവുമായ സി. സദാനന്ദൻ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശൈത്യകാല സമ്മേളനത്തിൽ ബിൽ പാസാക്കണമെന്ന അഭിപ്രായം ശക്തമാണെന്നും ജെപിസി ചെയർമാൻ സഞ്ജയ് ജയ്സ്വാൾ ഇതുസംബന്ധിച്ച് സൂചന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തിയും വിവിധ മേഖലകളിൽനിന്നുള്ള ആശങ്കകൾ ദൂരീകരിച്ചും പരിഷ്കരിച്ച ബില്ലായിരിക്കും പാർലമെന്റിൽ അവതരിപ്പിക്കുക.
കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടനവുമായി എഫ്സിആർഎ ബില്ലിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്ന് സി. സദാനന്ദൻ എംപി വ്യക്തമാക്കി. ഇത് ഏതെങ്കിലും മതവിഭാഗത്തിനെതിരേയുള്ള വിവേചനമോ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്നതോ അല്ല. ഒരു പൊതുനിയമം നിർമിക്കുമ്പോൾ അത് ഹിന്ദു, മുസ്ലിം, ക്രൈസ്തവ സംഘടനകൾ ഉൾപ്പടെ എല്ലാവർക്കും ഒരുപോലെ ബാധകമാണ്-അദ്ദേഹം പറഞ്ഞു.
ക്രൈസ്തവസഭകളുടെ പ്രതിനിധികളും സമുദായിക സംഘടനകളും ജനപ്രതിനിധികളും ബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്കകൾ രേഖാമൂലവും അല്ലാതെയും കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ജെപിസി സ്റ്റേക്ക് ഹോൾഡർമാരുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കെ.സി. വേണുഗോപാലിനെപ്പോലുള്ള പ്രതിപക്ഷനേതാക്കൾ സർക്കാരിന്റെ വിശ്വാസ്യത തകർക്കാൻ ഈ വിഷയത്തിൽ ബോധപൂർവം ആശങ്കകൾ സൃഷ്ടിക്കുകയാണെന്ന് എംപി വിമർശിച്ചു.