ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള ലാൻഷൗ നഗരത്തിൽ ഒരു രാത്രി കൊണ്ട് സംഭവിച്ച വിചിത്രമായ മാറ്റം ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളെ അമ്പരപ്പിക്കുകയാണ്.
കഠിനമായ മഞ്ഞുവീഴ്ചയുള്ള ഒരു രാത്രിയിൽ കുളി കഴിഞ്ഞ് അശ്രദ്ധമായി തുറന്നിട്ട ഒരു വാട്ടർ ടാപ് ഒരു വലിയ ജനവാസ മേഖലയെ ഒന്നടങ്കം മഞ്ഞുപാളികൾ നിറഞ്ഞ സ്കേറ്റിംഗ് റിങ്ക് ആക്കി മാറ്റിയ കാഴ്ചയായിരുന്നു പിറ്റേന്ന് പ്രഭാതത്തിൽ അയൽവാസികളെ കാത്തിരുന്നത്.
വാംഗ് എന്ന യുവതിക്ക് പറ്റിയ ഒരു ചെറിയ മറവി മൈനസ് എട്ട് ഡിഗ്രി സെൽഷ്യസ് തണുപ്പിൽ വലിയൊരു പ്രതിസന്ധിയായി മാറുകയായിരുന്നു.
രാത്രി മുഴുവൻ സോളാർ വാട്ടർ ഹീറ്ററിൽ നിന്ന് ഒഴുകിക്കൊണ്ടിരുന്ന വെള്ളം പുറത്തെ അതിശൈത്യത്തിൽ തണുത്തുറയുകയും റോഡുകളിലും നടപ്പാതകളിലും വഴുക്കലുള്ള കട്ടിയായ ഐസ് പാളികൾ രൂപപ്പെടുകയും ചെയ്തു.
രാവിലെ ആറുമണിയോടെ വ്യായാമത്തിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ വാംഗിന്റെ പിതാവാണ് വഴികളെല്ലാം കണ്ണാടി പോലെ തിളങ്ങുന്ന മഞ്ഞുപാളികളാൽ മൂടപ്പെട്ടത് ആദ്യം കണ്ടത്.
ഇത് മറ്റേതോ വീട്ടിൽ നിന്നുള്ള വെള്ളമാണെന്ന് ആദ്യം കരുതിയ അദ്ദേഹം, ഒടുവിൽ തന്റെ വീട്ടിലെ ടാപ് തുറന്നിട്ടതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. തന്റെ തെറ്റ് തിരിച്ചറിഞ്ഞ വാംഗ് ഉടൻ തന്നെ പരസ്യമായ മാപ്പപേക്ഷയുമായി രംഗത്തെത്തി.
താൻ കാരണം അയൽക്കാർക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
ഏകദേശം ഒൻപത് മണിക്കൂറോളം സോളാർ ടാങ്കിൽ നിന്ന് വെള്ളം പുറത്തേക്ക് പ്രവഹിച്ചതാണ് ഇത്ര വലിയൊരു മഞ്ഞുപാളി രൂപപ്പെടാൻ കാരണമായത്. ഈ അപകടം ഒഴിവാക്കാൻ വാംഗിന്റെ കുടുംബം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമായിരുന്നു.
റോഡിലെ മഞ്ഞ് ഉരുക്കാനായി പ്രദേശത്തെ കടകളിലുള്ള ഉപ്പ് മുഴുവൻ വാംഗിന്റെ അമ്മ വാങ്ങി. ഒടുവിൽ കടകളിൽ ഉപ്പ് കിട്ടാനില്ലാത്ത അവസ്ഥ വന്നതിനും വാംഗ് അയൽക്കാരോട് ക്ഷമ ചോദിക്കുന്നുണ്ട്.
അച്ഛന്റെ കടുത്ത ശകാരവും നാട്ടുകാരുടെ പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് സമ്മതിക്കാനുള്ള വാംഗിന്റെ മനോഭാവത്തെ പലരും പ്രശംസിച്ചു.
ഒടുവിൽ മുനിസിപൽ ജീവനക്കാരുടെയും വീട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡിലെ മഞ്ഞ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.