താഴേക്കോട്: പഞ്ചായത്ത് പൊതുശ്മശാനത്തിലെയും ആയുര്‍വേദ ആശുപത്രി വളപ്പിലെയും 28 ഓളം മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്തിയതായുള്ള വിവാദ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍.
താഴേക്കോട് സ്വദേശികളായ പിലാക്കല്‍ വീട്ടില്‍ മൊയ്തുപ്പ, പെന്നേത്ത് വീട്ടില്‍ സലീം, കരളി വീട്ടില്‍ ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. മരങ്ങള്‍ മുറിച്ചുകടത്തുകയും വെട്ടിനശിപ്പിക്കുകയും ചെയ്ത് സര്‍ക്കാരിന് നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ എസ് ഐമാരായ സജീവ്, അനീഷ്, സിപിഒമാരായ ഗീരിഷ്, സനല്‍ എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. മരംമുറി വിവാദം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു.