റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡ് വികസന പദ്ധതിക്കു തുടക്കമാകുന്നു. മുൻ എംഎൽഎ പ്രമോദ് നാരായൺ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ പദ്ധതിക്ക് ടെൻഡർ നടപടികൾ പൂർത്തിയായതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് വഴിതെളിഞ്ഞിരിക്കുകയാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ആർ. പ്രകാശ് നേതൃത്വം നൽകിയ ഭരണസമിതിയുടെ കാലത്ത് വിഭാവനം ചെയ്ത പ്രധാന വികസന സ്വപ്നപദ്ധതികളിലൊന്നായിരുന്നു പെരുമ്പുഴ ബസ് സ്റ്റാൻഡിന്റെ നവീകരണം. റാന്നിയുടെ ഗതാഗത മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ട ഈ പദ്ധതിക്ക് അന്നത്തെ എംഎൽഎ പ്രമോദ് നാരായൺ പ്രത്യേക പ്രാധാന്യം നൽകുകയും ആവശ്യമായ തുക അനുവദിക്കുന്നതിന് ഇടപെടുകയും ചെയ്തിരുന്നു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ റാന്നിയിലെത്തുന്ന യാത്രക്കാർക്കും പൊതുഗതാഗത സംവിധാനത്തിനും വലിയ പ്രയോജനമുണ്ടാകും. റാന്നിയിലേക്കെത്തുന്നതും ഇതുവഴി കടന്നുപോകുന്നതുമായ എല്ലാ ബസുകളും സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനുള്ള സൗകര്യം ഇതിലൂടെ മെച്ചപ്പെടും.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റാന്നി ബസ് സ്റ്റാൻഡിൽ ബസുകൾ മൂന്ന് മിനിറ്റ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന നിർദേശമുള്ളതാണ്. എന്നാൽ പിഎം റോഡ് വഴി പോകുന്ന കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാറില്ല. റാന്നിയിലേക്കെത്തുന്ന എല്ലാ ബസുകളും പെരുന്പുഴയിൽ എത്താറുമില്ല.
ബസുകൾ സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റിയിറക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കുന്നതിലൂടെ ഗതാഗത നിയന്ത്രണവും യാത്രക്കാരുടെ സുരക്ഷയും മെച്ചപ്പെടുത്താനാകും.
മഴയും വെയിലും ഏൽക്കാതെ ബസ് കാത്തുനിൽക്കാനും ബസുകളിൽ കയറാനും ഇറങ്ങാനും കഴിയുന്ന വിധത്തിലുള്ള സൗകര്യങ്ങൾ, ബസുകളുടെ പാർക്കിംഗ് സംവിധാനം, യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയാണ് വികസനത്തിലൂടെ പ്രതീക്ഷിക്കുന്നത്. റാന്നി താലൂക്ക് ആസ്ഥാനം എന്ന നിലയിലും പെരുന്പുഴ ബസ്
സ്റ്റാൻഡിനു വളരെ പ്രാധാന്യമുണ്ട്. സ്ഥലപരിമിതിയുണ്ടാകാമെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ബസ് സ്റ്റാൻഡിലെ പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുകയാണ് പദ്ധതിയിലെ പ്രധാന ലക്ഷ്യം. റാന്നിയിലെ പുതിയ പാലവും അപ്രോച്ച് റോഡും പൂർത്തീകരിക്കുന്പോഴേക്കും വൺവേ സംവിധാനത്തിനു പെരുന്പുഴയിൽ തുടക്കമായേക്കും. ഇത്തരമൊരു സാഹചര്യത്തിൽ പെരുന്പുഴ ബസ് സ്റ്റാൻഡ് റാന്നിയുടെ പ്രധാന കേന്ദ്രമായിമാറും.
റാന്നി താലൂക്ക് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ബസ് സ്റ്റാൻഡിന്റെ പ്രാധാന്യം വർധിക്കും. ആശുപത്രിയിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി റാന്നിയിലെത്തുന്ന നൂറുകണക്കിന് ആളുകൾക്കും മികച്ച യാത്രാസൗകര്യം ഒരുക്കാൻ ഈ പദ്ധതി സഹായകരമാകും. താലൂക്ക് ഓഫീസ്, ട്രഷറി, ബ്ലോക്ക് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങി പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്നതും പെരുന്പുഴയിലാണ്.