മല്ലപ്പള്ളി: ഫുട്ബോൾ ലോകകപ്പിന്റെ ആവേശവും കായികമൂല്യങ്ങളും സമന്വയിപ്പിച്ച് മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ, മല്ലപ്പള്ളി സംഘടിപ്പിച്ച ലോകകപ്പ് തീം പ്രവേശനോത്സവം ശ്രദ്ധേയമായി.
വിജയത്തിന്റെ കളിക്കളത്തിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുന്ന ഫുട്ബോൾ താരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പ്ലസ് വൺ വിദ്യാർഥികളെ ഗ്രൗണ്ടിലേക്ക് ആനയിച്ച്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവവിദ്യാർഥികളുടെയും കൈയടികൾക്കിടയിൽ നവാഗതരെ വിദ്യാലയ കുടുംബം ഹൃദയപൂർവം സ്വീകരിച്ചു.ലോക്കൽ മാനേജർ റവ. ഷാജി എം. ജോൺസൺ അധ്യക്ഷത വഹിച്ച യോഗം വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ തോമസ് , ജില്ലാ പഞ്ചായത്ത് അംഗം ഡോ. ബിജു റ്റി. ജോർജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുഭാഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അനു ജോബി, വാർഡ് മെംബർ സോഫി ജോജോ, പിറ്റിഎ പ്രസിഡന്റ് ബിജു തോമസ്, മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ജീമോൻ സി. ചെറിയാൻ, പ്രിൻസിപ്പാൾ ബാബു മാത്യു, വൈസ് പ്രിൻസിപ്പാൾ മേരിക്കുട്ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. മോട്ടിവേഷണൽ സ്പീക്കർ ഡോ. രാജേഷ് കെ.പുതുമന ക്ലാസ് നയിച്ചു.
ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ 25 വിദ്യാർഥികളെ ആദരിച്ചു.