Viral
തായ്ലൻഡിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും ജീവിതത്തിലുണ്ടായ നാടകീയമായ വഴിത്തിരിവുകൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ദീർഘകാലമായി ഭർത്താവ് പുലർത്തിവന്ന അവിഹിത ബന്ധം ഭാര്യയായ ഖുൻ ക്വാങ് കൈയ്യോടെ പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 21 -ാം വയസിൽ വിവാഹിതയായ ക്വാങ്ങിന് എട്ടു വയസുള്ള ഒരു മകനുണ്ട്.
10 വർഷത്തോളം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ദാമ്പത്യമായിരുന്നു ഇവരുടേതെങ്കിലും 2025-ന്റെ മധ്യത്തോടെ ബന്ധത്തിൽ വിള്ളലുകൾ വീണു തുടങ്ങി.
ഭർത്താവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു അപരിചിത യുവതിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്വാങ്ങിന് സംശയങ്ങൾ ഉടലെടുത്തത്.
എന്നാൽ അമിതമായി ഇടപെടുന്നത് ബന്ധത്തെ ബാധിക്കുമെന്ന് കരുതി ആദ്യഘട്ടത്തിൽ അവർ ഇതിനെ അവഗണിക്കുകയാണ് ചെയ്തത്. പിന്നീട് ഭർത്താവ് ജോലി കഴിഞ്ഞ് രാത്രി വൈകി മടങ്ങി വരുന്നതും ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെക്കുന്നതും പതിവായതോടെ സത്യം കണ്ടെത്താൻ തന്നെ അവർ തീരുമാനിച്ചു.
ഇതിനായി പ്രതിദിനം 10,000 ബാറ്റ് പ്രതിഫലം നൽകി ഒരു സ്വകാര്യ കുറ്റാന്വേഷകന്റെ സഹായം തേടി. അന്വേഷണത്തിനൊടുവിൽ ബാങ്കോക്കിലെ ഒരു രഹസ്യ താമസസ്ഥലത്ത് വെച്ച് ഭർത്താവിനെ പിടികൂടിയ ക്വാങ്, അദ്ദേഹത്തോട് കാര്യങ്ങൾ നേരിട്ട് തുറന്നു ചോദിച്ചു.
തന്നെ വിട്ടുപോയാൽ കാമുകി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ഭർത്താവ് മറുപടി നൽകിയെങ്കിലും വീട്ടിലെ കടബാധ്യതകളെക്കുറിച്ചോ മകന്റെ കാര്യത്തെക്കുറിച്ചോ വ്യക്തമായ ഉത്തരം നൽകാൻ കാമുകി തയ്യാറായിരുന്നില്ല.
ഭർത്താവ് കാമുകിയുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പായതോടെയാണ് ക്വാങ് അസാധാരണമായ ആ നിർദ്ദേശം മുന്നോട്ടുവെച്ചത്. തന്നോടൊപ്പം കഴിയുന്നതിന് പകരം കാമുകിക്കൊപ്പം ജീവിക്കണമെങ്കിൽ പ്രതിമാസം 30,000 ബാറ്റ് അതായത് ഏകദേശം 85,000 ഇന്ത്യൻ രൂപ തനിക്ക് വാടകയായി നൽകണമെന്നതായിരുന്നു ആ ഉപാധി.
ഈ തുകയുടെ പകുതി വീതം ഭർത്താവും കാമുകിയും ചേർന്ന് നൽകണമെന്നായിരുന്നു ക്വാങ്ങിന്റെ ആവശ്യം. കാമുകി ഈ വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറായെങ്കിലും ഭർത്താവ് തന്റെ നിലപാടിൽ ഉറച്ചുനിന്നു.
എന്നാൽ ഈ കരാറിന് തായ് നിയമവ്യവസ്ഥയിൽ യാതൊരുവിധ സാധുതയുമില്ലെന്ന് അവിടുത്തെ നിയമവിദഗ്ധർ വ്യക്തമാക്കുന്നു. സദാചാര വിരുദ്ധവും പൊതുമര്യാദകൾക്ക് നിരക്കാത്തതുമായ ഇത്തരം സാമ്പത്തിക ഇടപാടുകളെ നിയമപരമായി സംരക്ഷിക്കാൻ സാധിക്കില്ലെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
ഒരു കുടുംബം തകരുമ്പോഴും തന്റെയും മകന്റെയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഒരു യുവതി നടത്തിയ വേറിട്ട പോരാട്ടമായി ഈ സംഭവത്തെ പലരും വിലയിരുത്തുന്നു.
Viral
ലോകത്തെ ഞെട്ടിച്ച രാഷ്ട്രീയ അട്ടിമറികളിലൊന്നിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന അതിശക്തമായ വ്യോമാക്രമണത്തിലാണ് ഖമനയിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.
ഖമനയിയുടെ മകൾ, കൊച്ചുമകൻ, മരുമകൻ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചതായും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ പിന്നീട് മരണത്തിന് കീഴടങ്ങിയതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ സംഭവം പുറത്തുവന്നതോടെ ഇറാനിലുടനീളം തികച്ചും വിപരീതമായ രണ്ട് സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്.
ഒരു വശത്ത് ഔദ്യോഗിക ഭരണകൂടവും മാധ്യമങ്ങളും രാജ്യവ്യാപകമായ വിലാപവും ദുഃഖാചരണവും സംഘടിപ്പിക്കുമ്പോൾ, മറുവശത്ത് ജനങ്ങൾ തെരുവിലിറങ്ങി വിജയം ആഘോഷിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഖമനയിയുടെ മരണം ആവേശത്തോടെ ആഘോഷിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും വീഡിയോകൾ ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്.
ടെഹ്റാനിലെ റോഡുകളിൽ നൃത്തം ചെയ്തും സന്തോഷം പങ്കുവെച്ചും ജനങ്ങൾ ഈ മാറ്റത്തെ സ്വീകരിക്കുന്നത് വർഷങ്ങളായി നിലനിന്നിരുന്ന ഭരണത്തോടുള്ള ജനരോഷമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഇറാനെ ലക്ഷ്യം വച്ചുള്ള യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യോമാക്രമണങ്ങൾക്കൊപ്പം ഇരുവിഭാഗങ്ങളും തമ്മിലുള്ള തിരിച്ചടികളും മേഖലയിൽ സംഘർഷം രൂക്ഷമാക്കിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായും മാറ്റിമറിക്കാൻ സാധ്യതയുള്ള ഈ സൈനിക നടപടി ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Viral
ഇൻഡോനേഷ്യൻ വിവാഹവേദിയിൽ നിന്നുള്ള അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചർച്ചാവിഷയമായി മാറുകയാണ്.
മനോഹരമായി അലങ്കരിച്ച മണ്ഡപത്തിൽ നവദമ്പതികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായ ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നവദമ്പതികൾക്കരികിലേക്ക് അതിഥിയായി എത്തിയ വരന്റെ മുൻകാമുകി എന്ന് സംശയിക്കുന്ന യുവതി, വരനെ വണങ്ങുന്നതിനിടയിൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ കൈകളിൽ ചുംബിക്കാൻ ശ്രമിച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്.
ഇൻഡോനേഷ്യൻ മുസ്ലിം സംസ്കാരത്തിൽ മുതിർന്നവരോടും പണ്ഡിതരോടും കാണിക്കുന്ന ബഹുമാനസൂചകമായ ഒന്നാണ് ഈ ഹസ്തചുംബനം.
എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഭാര്യ ഭർത്താവിനോട് മാത്രം പ്രകടിപ്പിക്കേണ്ട ഈ സ്നേഹപ്രകടനം മറ്റൊരു യുവതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ വധുവിന് നിയന്ത്രണം നഷ്ടപ്പെട്ടു.
യുവതി വരന്റെ കൈകളിൽ മുഖം ചേർക്കുന്നതിന് തൊട്ടുമുമ്പ് തന്നെ മിന്നൽ വേഗത്തിൽ ഇടപെട്ട വധു, യുവതിയെ തള്ളുകയും മുടിയിൽ ബലമായി പിടിച്ചു വലിച്ചു മാറ്റി മണ്ഡപത്തിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.
സെക്കൻഡുകൾക്കുള്ളിൽ സംഭവിച്ച ഈ നീക്കം കണ്ടുനിന്നവരെയെല്ലാം ഞെട്ടിച്ചു. സംഭവം നടക്കുന്ന സമയമത്രയും എന്തുചെയ്യണമെന്നറിയാതെ നിസംഗനായി നിൽക്കുന്ന വരനെയാണ് വീഡിയോയിൽ കാണുന്നത്.
വധുവിന്റെ ഈ ധീരമായ പ്രതികരണത്തിന് ഇന്റർനെറ്റിൽ വൻ കൈയടിയാണ് ലഭിക്കുന്നത്. തന്റെ ദാമ്പത്യത്തിന് നേരെ വരുന്ന ഇത്തരം അതിക്രമങ്ങളെ നേരിടാൻ വധു കാണിച്ച തന്റേടത്തെ പലരും പ്രശംസിച്ചു. എന്നാൽ ഒരു വിഭാഗം ആളുകൾ വരന്റെ നിലപാടിനെയും വിമർശിക്കുന്നുണ്ട്.
പരസ്ത്രീ തന്റെ കൈ പിടിച്ചുയർത്തുമ്പോൾ അത് തടയാതിരുന്ന വരനും കുറ്റക്കാരനാണെന്നാണ് ഇവരുടെ വാദം. എങ്കിലും വധുവിന്റെ ഈ "മാസ് എൻട്രി' ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലെ റീലുകളിലും വാർത്തകളിലും തരംഗമായി മാറിക്കഴിഞ്ഞു.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും സ്ഫോടനം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബുധനാഴ്ച തെക്കൻ മോസ്കോയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.
അതീവ സുരക്ഷാ മേഖലകളിൽ പോലും ആക്രമണങ്ങൾ തുടരുന്നത് നഗരവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
സ്ഫോടനം നടന്ന ഉടൻ തന്നെ ഫൊറൻസിക് വിദഗ്ധരും അന്വേഷണ ഏജൻസികളും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിക്കുകയും അട്ടിമറി സാധ്യതകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
റഷ്യൻ സായുധ സേനയുടെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വീണ്ടും സ്ഫോടനം ഉണ്ടായിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മോസ്കോയിലെ യസീനേവ സ്ട്രീറ്റിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്നിങ് ഡയറക്ടറേറ്റ് മേധാവി ലഫ്റ്റനന്റ് ജനറൽ ഫാനൽ സർവറോവ് കൊല്ലപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ വാഹനത്തിനടിയിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഈ കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ ചാരസംഘടനയാണെന്ന ശക്തമായ സംശയം റഷ്യൻ അധികൃതർ പ്രകടിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ബുധനാഴ്ച വീണ്ടും പൊലീസുകാരെ ലക്ഷ്യം വെച്ചുള്ള സ്ഫോടനം നടന്നിരിക്കുന്നത്. നഗരത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും അക്രമികളെ കണ്ടെത്താനുള്ള വിപുലമായ അന്വേഷണം ആരംഭിച്ചതായും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.