പ്രായഭേദമന്യേ പക്ഷാഘാതം അഥവാ സ്ട്രോക്ക് വർധിച്ചു വരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും വ്യായാമം ഇല്ലായ്മയും ഉൾപ്പെടെ വിവിധ കാരണങ്ങൾ സ്ട്രോക്കിലേക്ക് നയിക്കുന്നു.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാലുടൻ രോഗിയെ ഒട്ടും സമയം വൈകാതെ തന്നെ ആശുപത്രിയിൽ എത്തിച്ചിരിക്കേണ്ടതാണ്. ലക്ഷണങ്ങൾ മനസിലാക്കി പക്ഷാഘാതമാണെന്നു തിരിച്ചറിയുക എന്നതാണ് ആദ്യ ഘട്ടം.
പെട്ടെന്ന് തിരിച്ചറിയാവുന്ന ലക്ഷണങ്ങൾ
. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക, തലകറക്കം അനുഭവപ്പെടുക
. കാഴ്ചയിൽ മങ്ങൽ അനുഭവപ്പെടുക
. മുഖം ഒരു വശത്തേക്ക് കോടി പോകുക
. കൈകളിൽ ബലഹീനതയോ മരവിപ്പോ ഉണ്ടാകുക
. ശരിക്ക് സംസാരിക്കാൻ സാധിക്കാതെ വരിക, നാവ് കുഴയുക
അത്യാഹിത വിഭാഗത്തിൽ എത്തിക്കണം
സ്ട്രോക്ക് ബാധിച്ചവരെ സ്കാനിംഗ് സംവിധാനമടക്കമുള്ള ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിൽ ഉടൻ എത്തിക്കുകയാണ് വേണ്ടത്. പക്ഷാഘാതമുണ്ടായി ഓരോ നിമിഷം കഴിയുന്തോറും തലച്ചോറിലെ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കും.
രോഗിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചാലുടൻ തന്നെ സ്ട്രോക്ക് മാനേജ്മെന്റ് ടീം ഏകോപിച്ചുള്ള ചികിത്സകൾ ആരംഭിക്കും. ആദ്യ അഞ്ച് മിനിട്ടിനുള്ളിൽ തന്നെ സ്കാനിംഗിനു വിധേയമാക്കും.
ആദ്യ പരിശോധന സിടി സ്കാൻ ആണ് ചെയ്യുക. ചില സ്ട്രോക്കുകളിൽ എംആർഐ ആവശ്യമായി വരും. ഇസ്കിമിക് സ്ട്രോക്ക് ആണോ, ഹെമറാജിക് സ്ട്രോക്ക് ആണോ എന്നും രോഗത്തിന്റെ തീവ്രത, രക്തക്കുഴലിൽ എത്രമാത്രം അടവുണ്ട് എന്നുമുള്ള പ്രാഥമിക വിവരങ്ങൾ സ്കാനിൽ നിന്നു ലഭിക്കും.
ഇസ്കിമിക് സ്ട്രോക്ക് ആണെങ്കിൽ അടുത്ത ഘട്ടമായി രക്തക്കുഴലിലെ അടവ് കണ്ട്പിടിക്കാൻ ആൻജിയോഗ്രാം ചെയ്യാറുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ എംആർഐ സ്കാൻ ആയിരിക്കും കൂടുതൽ ഉചിതം.
ഉദാഹരണമായി ഉറക്കത്തിൽ സ്ട്രോക്ക് സംഭവിച്ചവർ, ആറ് മണിക്കൂറിനു ശേഷം ആശുപത്രിയിൽ എത്തിക്കുന്നവർ തുടങ്ങിയവർക്ക്. ഇവയോടൊപ്പം ഹൃദ്രോഗം പോലുള്ള മറ്റ് രോഗാവസ്ഥകൾ കൂടി വിലയിരുത്തിയാകും ചികിത്സ.
അടിയന്തര ചികിത്സ
പക്ഷാഘാതത്തിന്റെ കാരണം തലച്ചോറിലെ ശുദ്ധരക്തക്കുഴലുകളിൽ ഉണ്ടാകുന്ന ക്ലോട്ട് (രക്തം കട്ടപിടിക്കുന്ന അവസ്ഥ) ആണെന്ന് കണ്ടെത്തിയാൽ ഇത് അലിയിപ്പിച്ചു കളയുന്നതിനുള്ള ചികിത്സ ഈ രോഗിക്ക് നൽകാൻ കഴിയുമോ എന്ന് ന്യൂറോളജി വിഭാഗം ഡോക്ടർമാരുമായി ചേർന്നു തീരുമാനിക്കും.
ഓരോ രോഗിയിലും ഇതിനുള്ള സാധ്യതകൾ മനസിലാക്കിയ ശേഷമാണ് ക്ലോട്ട് ലയിപ്പിക്കാനുള്ള തീരുമാനം എടുക്കുക. ഈ ചികിത്സയാണ് ത്രോംബോലൈസിസ് എന്നു പറയുക. അനുയോജ്യമായവരെയാണ് ത്രോബോലൈസിസിനു വിധേയമാക്കുക.
ലക്ഷണങ്ങൾ കണ്ട് തുടങ്ങി ആദ്യ 4 - 5 മണിക്കൂറിനുള്ളിലാണ് ത്രോംബോലൈസിസ് ചെയ്യാൻ സാധിക്കുന്നത്. ലക്ഷണങ്ങൾ അതിവേഗം തിരിച്ചറിയുകയും എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭിക്കേണ്ടതിന്റെ ആവശ്യകതയും ഇത് വ്യക്തമാക്കുന്നു.
തുടർ ചികിത്സകൾ
ത്രോബോലൈസിസ് ചെയ്തതിനു ശേഷവും രോഗിയിൽ ക്ലോട്ടിന്റെ സാന്നിധ്യം ഉണ്ടോ എന്ന് ഡിഎസ്എ സ്കാൻ വഴി പരിശോധിക്കും. തുടർന്ന് ഇത് എടുത്തുകളയുന്നതിനുള്ള ചികിത്സയായ മെക്കാനിക്കൽ ത്രോംബക്ടമി രോഗിക്ക് ലഭ്യമാക്കും.
ഇന്റർവെൻഷണൽ ന്യൂറോ റേഡിയോളജി വിഭാഗമാണ് ഇതിനു നേതൃത്വം നൽകുന്നത്. ചികിത്സയുടെ ഏതെങ്കിലും ഘട്ടത്തിൽ രോഗിയുടെ ബോധാവസ്ഥയിൽ കുറവ് വരികയോ, രക്തസമ്മർദം, ശ്വാസോച്ഛാസം തുടങ്ങിയവയിൽ വ്യതിയാനങ്ങൾ ഉണ്ടാകുകയോ ചെയ്താൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷ ചികിത്സകൾക്ക് രോഗികളെ വിധേയരാക്കും.
തലച്ചോറിന്റെ സ്കാനിംഗിൽ രക്തസ്രാവം കണ്ടെത്തുന്ന രോഗികളെ ന്യൂറോസർജന്മാരുമായി ചേർന്ന് തുടർചികിത്സകൾക്ക് വിധേയരാക്കും. അപസ്മാരം തടയുന്നതിനുളള മരുന്നുകൾ, രക്തസമ്മർദം കുറയ്ക്കുന്നതിനുള്ള ചികിത്സ തുടങ്ങി ന്യൂറോപ്രൊട്ടക്ടീവ് ആയ ചികിത്സകളാണ് അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നൽകുക.
സ്ട്രോക്ക് നിർണായക സമയം
ഒരു നിമിഷം പോലും വൈകാതെ ചികിത്സ ആരംഭിക്കുക എന്നതാണ് സ്ട്രോക്കിന്റെ കാര്യത്തിൽ പ്രധാനമായുള്ളത്. സ്ട്രോക്ക് വന്ന ശേഷമുള്ള നിർണായക സമയം താഴെ പറയുന്ന ചാർട്ടിൽ നോക്കാം.
10 മിനിട്ട് - തലച്ചോറിലെ കുറച്ചു കോശങ്ങൾ നശിച്ചു തുടങ്ങിയിരിക്കുന്നു.
1 മണിക്കൂർ - കൂടുതൽ കോശങ്ങൾ നശിക്കുന്നു. ചികിത്സ ഉടൻ തുടങ്ങാൻ സാധിച്ചാൽ വൈകല്യങ്ങൾ ഒഴിവാക്കാം.
അടിയന്തര സേവനങ്ങൾക്കും സ്ട്രോക്ക് ആംബുലൻസ് സേവനങ്ങൾക്കായും വിളിക്കാം - 8281699242.
വിവരങ്ങൾ: ഡോ.ശ്രീജിത്ത് ആർ. നായർ
കൺസൾട്ടന്റ് ആൻഡ് ഹെഡ്, എമർജൻസി വിഭാഗം മാർ സ്ലീവാ മെഡിസിറ്റി പാലാ