വാഴക്കുളം: പൊതുവിതരണ കേന്ദ്രത്തിലേക്ക് എത്തിച്ച അരിയിൽ വീണ്ടും പുഴുക്കൾ. വാഴക്കുളത്ത് ടൗണിൽ കല്ലൂർക്കാട് വഴിയിലുള്ള റേഷൻ കടയിലേക്ക് ഇന്നലെ രാവിലെ പതിനൊന്നരയോടെ എത്തിച്ച അരിയിലാണ് പുഴുക്കളെ കണ്ടത്.
മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിൽ വിതരണം ചെയ്ത റേഷൻ അരിയിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് വിതരണം ചെയ്ത അരി മുഴുവൻ തിരിച്ചെടുത്ത് തൃക്കളത്തൂർ എൻഎഫ്എസ്എ ഗോഡൗണിൽ തിരികെ എത്തിച്ചിരുന്നു. നിലവാരം കുറഞ്ഞ 20 ടൺ അരി ഭക്ഷ്യ കമ്മിഷന്റെ പരിശോധനയെ തുടർന്ന് വിതരണം ചെയ്യേണ്ടെന്നും തീരുമാനിച്ചു. തുടർന്ന് ചൊവ്വാഴ്ച വിതരണം പുനരാരംഭിച്ചെങ്കിലും വാഴക്കുളത്ത് എത്തിച്ച അരിയിലും പുഴുക്കളെ കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫിസറും പൊലിസും സ്ഥലത്തെത്തി അരി പരിശോധിച്ചു.
ചൊവ്വാഴ്ച വാഴക്കുളത്ത് അരി എത്തിച്ച വാഹനത്തിൽ തന്നെയാണ് ഇന്നലെയും അരി എത്തിച്ചത്.
ചൊവ്വാഴ്ച തിരിച്ചയച്ച വാഹനത്തിൽ നിന്ന് അരി നീക്കം ചെയ്തിരുന്നെങ്കിലും ഗോതമ്പ്, പച്ചരി, ആട്ട തുടങ്ങിയവ തിരിച്ചിറക്കി വാഹനം ശുചീകരിച്ചിരുന്നില്ല. ഇന്നലെ മറ്റൊരു വിഭാഗത്തിലെ അരി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയാണ് വാഹനത്തിൽ കയറ്റിയതെന്ന് അധികൃതർ പറയുന്നു. വാഹനത്തിൽ നിന്നോ ഇതര ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആവാം ഇന്നലെ എത്തിച്ച അരിയിൽ പുഴുക്കൾ വ്യാപിച്ചതെന്നാണ് സംശയം. വാഴക്കുളത്ത് ചാക്കു തുറന്ന് പരിശോധിച്ചപ്പോൾ ചാക്കിനുള്ളിൽ പുഴുക്കളെ കണ്ടില്ലെന്നും അധികൃതർ പറഞ്ഞു. ആളുകളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ എത്തിച്ച അരിയും ഇറക്കാതെ തിരിച്ചയച്ചു. മുൻ എംഎൽഎ എൽദോ ഏബ്രഹാം, സിപിഎം ലോക്കൽ സെകട്ടറി എം.കെ. മധു തുടങ്ങിയവർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
ഇടപെട്ട് ഭക്ഷ്യകമ്മിഷൻ
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് 251-ാം നമ്പര്‍ റേഷന്‍ കടയിലും വാഴക്കുളം 280-ാം നമ്പര്‍ റേഷന്‍ കടയിലും വിതരണത്തിനെത്തിച്ച അരിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷന് അംഗം കെ.എന്‍. സുഗതന് തൃക്കളത്തൂരിലെ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തി. പരിശോധനയില്‍ പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയ 835 ചാക്ക് അരി വിതരണ കമ്പനികളോട് തിരിച്ചെടുക്കാനും 1,400 ചാക്ക് അരി സിവില്‍ സപ്ലൈസ് ക്വാളിറ്റി കൺട്രോള് വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രം വിതരണം ചെയ്താല്‍ മതിയെന്നും ഉപയോഗശൂന്യമായ അരി ഒരുതരത്തിലും വിതരണം ചെയ്യരുതെന്നും ഭക്ഷ്യകമ്മിഷന് നിര്‍ദേശിച്ചു.
ജൂലൈ മാസത്തില്‍ കമ്പനികള്‍ നല്കിയ അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. മഴ കാരണം വേണ്ടത്ര ഉണക്ക് ലഭിക്കാത്തതുകൊണ്ടുണ്ടായ ഈര്പ്പക്കൂടുതലാണ് പുഴു കടന്നുകൂടാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഭക്ഷ്യകമ്മിഷന് മന്ത്രി അനൂപ് ജേക്കബിന് നല്കി. ജില്ലാ സപ്ലൈ ഓഫിസര്‍ വി.ആര്. ഷാജി, താലൂക്ക് സപ്ലൈ ഓഫീിസര്‍ കെ.പി. എബി എന്നിവരും മറ്റുദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
സമഗ്ര പരിശോധന വേണമെന്ന് ഡിവൈഎഫ്ഐ
മൂവാറ്റുപുഴ: വാഴക്കുളം റേഷന്‍ കടയിലേക്ക് വിതരണത്തിനായി എത്തിച്ച അരിയില്‍ തുടര്‍ച്ചയായി രണ്ടുദിവസം പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തരവും ഗൗരവകരവുമായ പരിശോധന നടത്തണമെന്ന് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സപ്ലൈ ഓഫീസറെയും അസിസ്റ്റന്റ് സപ്ലൈ ഓഫീസറെയും നേരില്‍കണ്ടാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചത്.
റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്വമാണ്. വാഴക്കുളം റേഷന്‍ കടയിലേക്ക് എത്തിയ അരിയുടെ ഗുണനിലവാരം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുകയും അരി ഏത് ഗോഡൗണില്‍ നിന്നാണ് എത്തിച്ചതെന്നും വിതരണത്തിന് മുമ്പ് ഗുണനിലവാര പരിശോധന നടത്തിയിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ റേഷന്‍ സാധനങ്ങളുടെ ഗുണനിലവാര പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി ഫെബിന് പി. മൂസ, പ്രസിഡന്റ് അഖില്‍ പ്രകാശ്, ജോയിന്റ് സെക്രട്ടറി പി.എം. അബൂബക്കര്‍, കമ്മിറ്റിയംഗം അമല്‍ റെജി, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് എസ്. കാര്‍ത്തിക് എന്നിവര്‍ പങ്കെടുത്തു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: എല്‍ദോ ഏബ്രഹാം
മൂവാറ്റുപുഴ: സാധാരണക്കാര്‍ ആശ്രയിക്കുന്ന റേഷന്‍ അരിയില്‍ പുഴുക്കളെ കണ്ടെത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ഇതിന് കാരണക്കാരായ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാം ആവശ്യപ്പെട്ടു. ഭക്ഷ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ കടുത്ത അനാസ്ഥയും അശ്രദ്ധയും ജാഗ്രതക്കുറവുമാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.