ബെയ്ജിംഗ്: വായ്പാവളർച്ച മന്ദഗതിയിലാകുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തതോടെ ചൈനയിൽ 670 ബാങ്കുകൾ അടച്ചുപൂട്ടി.
പ്രധാനമായും ഗ്രാമീണ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ചെറുകിട ബാങ്കുകളെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കിട്ടാക്കടം കുത്തനെ ഉയർന്നതാണ് ബാങ്കുകളുടെ തകർച്ചയ്ക്കു വഴിവച്ചത്.
ചൈനയിൽ മന്ദഗതിയിലായ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വൻതോതിൽ വായ്പ നൽകിയതാണ് ഗ്രാമീണബാങ്കുകളെ പ്രതിസന്ധിയിലാക്കിയത്.
കടമെടുത്തവർ തിരിച്ചടവ് നടത്തുന്നില്ലെന്നു മാത്രമല്ല, പുതിയ വായ്പകൾ എടുക്കാൻ ആളുകൾ മുന്നോട്ടു വരുന്നതുമില്ല. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പുതിയ വായ്പകളിൽ 22 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിൽ 50 ശതകോടി ഡോളറിന്റെ വായ്പാവളർച്ച പ്രതീക്ഷിച്ചിരുന്നിടത്ത് ഒന്പത് ശതകോടി ഡോളറിന്റെ വളർച്ച മാത്രമാണുണ്ടായത്.
നിലവിൽ രാജ്യത്തെ ബാങ്കുകളുടെ ആകെ കടം 280 ട്രില്യൺ യുവാൻ (ഏകദേശം 41.7 ട്രില്യൺ യുഎസ് ഡോളർ) കവിഞ്ഞു. ഇതിൽ ഭൂരിഭാഗവും റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ മേഖലകളുമായി ബന്ധപ്പെട്ടതാണ്. അതേസമയം, ചൈനീസ് സമ്പദ്വ്യവസ്ഥയെ നയിക്കുന്ന സാങ്കേതികവിദ്യ, ഹരിത ഊർജ മേഖലകൾക്ക് ബാങ്ക് വായ്പകളേക്കാൾ കുറഞ്ഞ രീതിയിലുള്ള സാമ്പത്തികസഹായം മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
പ്രതിസന്ധിയിലായ ഈ ചെറുബാങ്കുകൾ തദ്ദേശീയമായി മാത്രം പ്രവർത്തിക്കുന്നവയായതിനാൽ ഇവയുടെ തകർച്ച രാജ്യത്തെ വലിയ ബാങ്കിംഗ് ശൃംഖലയെ ബാധിക്കില്ലെന്നാണു വിലയിരുത്തൽ. എങ്കിലും, ബാങ്കിംഗ് മേഖലയിലെ സ്ഥിരത നിലനിർത്തുന്നതിനായി ഇത്തരം ബാങ്കുകളെ വലിയ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനും അടിയന്തര സാമ്പത്തിക നടപടികൾ സ്വീകരിക്കാനും ചൈനീസ് സർക്കാർ നീക്കം തുടങ്ങി.