അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ തല അറുത്തുമാറ്റിയ നിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയനിലയിൽ പുഴയിൽ കിടന്ന മൃതദേഹങ്ങൾ നാട്ടുകാരാണു കണ്ടെത്തിയത്. സംഭവമറിഞ്ഞയുടൻ പുതൂർ, അഗളി, ഷോളയൂർ സ്റ്റേഷനുകളിൽനിന്നു പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ ഊർജിതമാക്കി.
ശരീരഭാഗങ്ങൾ മൂന്നു ചാക്കുകളിലാക്കി കെട്ടിയനിലയിൽ ഭവാനിപ്പുഴ ചീരക്കടവിൽ മൂന്നു സ്ഥലങ്ങളിലായാണു കിടന്നിരുന്നത്. ഏതാണ്ട് 500 മീറ്റർ വരെ അകലങ്ങളിലായിരുന്നു ചാക്കുകൾ. ഒരു ചാക്കിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും തലകളും മറ്റു ചാക്കുകളിൽ ഉടലുകളും കണ്ടെത്തി.
അഗളി ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു. മൃതദേഹങ്ങൾക്ക് നാലു ദിവസത്തെ പഴക്കമുണ്ടാകാമെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.