ബെയ്ജിംഗ്: വിജയം പ്രവചിക്കാൻ ശാസ്ത്രീയമാർഗമുണ്ടോ? ഉണ്ടെന്നാണ് ബെയ്ജിംഗിലെ ചരിത്ര അധ്യാപകൻ ജിയാങ് ഷുക്കിൻ അവകാശവാദം ഉന്നയിക്കുന്നത്. 2024ൽ ഷുക്കിൻ നടത്തിയ മൂന്നു പ്രധാന രാഷ്ട്രീയ പ്രവചനങ്ങളിൽ രണ്ടെണ്ണം ഇതിനോടകം യാഥാർഥ്യമായതോടെ ചൈനീസ് നൊസ്ട്രഡാമസ്- എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഷുക്കിൻ വൈറലാണ്.
അമേരിക്കൻ എഴുത്തുകാരനായ ഐസക് അസിമോവിന്റെ ഫൗണ്ടേഷൻ - നോവലിലെ സൈക്കോഹിസ്റ്ററി എന്ന സാങ്കൽപ്പിക ശാസ്ത്രത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ജിയാംഗ് തന്റെ നിഗമനങ്ങൾ അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ ആവർത്തന സ്വഭാവങ്ങൾ, ഭൗമരാഷ്ട്രീയ താത്പര്യങ്ങൾ തുടങ്ങിയവ വിശകലനം ചെയ്ത് ഭാവി മുൻകൂട്ടി കാണാൻ കഴിയുമെന്നാണ് ഷുക്കിൻ അവകാശമുന്നയിക്കുന്നത്.
മൂന്നു കാര്യങ്ങൾ
2024 മേയിൽ നടത്തിയ പ്രഭാഷണത്തിൽ ഷുക്കിൻ പ്രധാനമായും മൂന്നു കാര്യങ്ങളാണ് പറഞ്ഞത്:
അമേരിക്കയുടെ ഭരണതലപ്പത്തേക്കു ട്രംപ് വീണ്ടും എത്തുമെന്നു ഷുക്കിൻ പ്രവചിച്ചിരുന്നു. ട്രംപ് അധികാരത്തിൽ വന്നാൽ ഇറാനെതിരേ സൈനിക നീക്കം നടത്തുമെന്നും ഷുക്കിൻ പ്രവചിച്ചിരുന്നു. ഈ രണ്ടു പ്രചനങ്ങളും യാഥാർഥ്യമായതോടെയാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ പ്രവചനം ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക പരാജയപ്പെടുമെന്നാണ് ഷുക്കിന്റെ മൂന്നാമത്തെ പ്രവചനം.
യുദ്ധം കരയിലെത്തിയാൽ
ബിസി 415-413 കാലഘട്ടത്തിൽ സംഭവിച്ച സിസിലിയൻ എക്സ്പെഡിഷനുമായാണ്, ഇറാനെതിരെയള്ള അമേരിക്കൻ നീക്കത്തെ ഷുക്കിൻ താരതമ്യം ചെയ്യുന്നത്. അന്ന് ഏഥൻസിനു സംഭവിച്ച വലിയ തകർച്ചയ്ക്കു സമാനമായിരിക്കും അമേരിക്കൻ ഭരണകൂടം നേരിടേണ്ടിവരികയെന്നും ഷുക്കിൻ മുന്നറിയിപ്പ് നൽകുന്നു. ഷുക്കിന്റെ ശാസ്ത്രീയ നിഗമനങ്ങൾ ഇവയാണ്- ഇറാന്റെ പർവതനിരകൾ നിറഞ്ഞ ഭൂപ്രകൃതി ഒരു വിദേശ സൈന്യത്തിനു ദീർഘകാലം പിടിച്ചുനിൽക്കാൻ വെല്ലുവിളിയാണെന്നു ഷുക്കിൻ വിലയിരുത്തുന്നു.
ഇറാൻ ഇരുപതു വർഷമായി യുദ്ധത്തിനു തയാറെടുക്കുകയാണെന്നും അമേരിക്കൻ സാമ്രാജ്യത്തെ തളർത്താൻ തന്ത്രപരമായ നീക്കങ്ങൾ അവർക്കറിയാമെന്നും ഷുക്കിൻ നിരീക്ഷിക്കുന്നു. മാത്രമല്ല, കഴിഞ്ഞ ജൂണിലെ പന്ത്രണ്ടു ദിവസത്തെ സംഘർഷത്തിലൂടെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണ ശേഷി ഇറാൻ വിലയിരുത്തിയെന്നും ഷുക്കിൻ പറയുന്നു.
ഈ യുദ്ധം പെട്ടെന്ന് അവസാനിക്കില്ലെന്നും, ഇത് തീരുമ്പോഴേക്കും ലോകം ഇപ്പോൾ കാണുന്ന രീതിയിലായിരിക്കില്ലെന്നും ഷുക്കിൻ മുന്നറിയിപ്പുനൽകുന്നു. ഡാറ്റയും ചരിത്രപരമായ വസ്തുതകളും മുൻനിർത്തി ഷുക്കിൻ നടത്തുന്ന പ്രവചനങ്ങളുടെയും ഫലം എന്തായിരിക്കുമെന്നു കാത്തിരുന്നു കാണാം