Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YSRCongress

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമന നിയമത്തെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് വൈഎസ്ആർ കോൺഗ്രസ്

അമരാവതി: കേന്ദ്ര സർക്കാർ നടപ്പാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നിയമന നിയമത്തെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡി. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം പൂർണമായും നിഷ്പക്ഷമായ രീതിയിലായിരിക്കണമെന്നും കേന്ദ്രം ഭരിക്കുന്നവർ നേരിട്ട് നിയമിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്‍റിൽ ഈ നിയമത്തെ പിന്തുണച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പാർട്ടി ഇപ്പോൾ തുറന്നുപറയുന്നുവെന്നും ജഗൻ വ്യക്തമാക്കി.

പരീക്ഷ എഴുതുന്ന വിദ്യാർഥി തന്നെ പരീക്ഷ നടത്തുന്നയാളെ നിശ്ചയിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. പരീക്ഷകൻ എത്ര സത്യസന്ധനായാലും അദ്ദേഹത്തെ നിയമിക്കുന്നത് നിഷ്പക്ഷമായ സമിതി അല്ലെങ്കിൽ സ്വാഭാവികമായും വിമർശനങ്ങൾ ഉയരും.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമനത്തിൽ ഭരണകക്ഷികളുടെ സ്വാധീനം പൂർണമായി ഒഴിവാക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ വൈഎസ്ആർ കോൺഗ്രസ് ഈ നിയമനരീതിയെ പിന്തുണച്ചിരുന്നുവെങ്കിലും ആ നിലപാട് തെറ്റാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടതായും അന്ന് പിന്തുണ നൽകിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് 2023-ലെ നിയമപ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുന്നത്. എന്നാൽ, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങിയ സമിതിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കേണ്ടത് എന്നായിരുന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നത്.

ഈ നിർദേശത്തിൽ മാറ്റം വരുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കുകയും പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി മോദി സർക്കാർ നിയമം പാസാക്കുകയും ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിൽ നിഷ്പക്ഷത ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും ജഗൻ മോഹൻ റെഡി കൂട്ടിച്ചേർത്തു.

Latest News

Corehub Up