മങ്കൊമ്പ്: ചമ്പക്കുളത്താറ്റിൽ 29നു നടക്കുന്ന മൂലം ജലോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഇന്നു നടക്കും. രാവിലെ ഒൻപതിന് കുറിച്ചി കരിങ്കുളം ക്ഷേത്രത്തിൽനിന്നാരംഭിക്കുന്ന ഘോഷയാത്ര, കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ ഉദയകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. മുരളീധരൻ നായർ, നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയചന്ദ്രൻ, വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷൈൻ, കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജോ ആന്റണി, ജില്ലാപഞ്ചായത്തംഗങ്ങളായ സുമ എബി, സി.വി. രാജീവ് തുടങ്ങിയവർ പ്രസംഗിക്കും.
വൈകിട്ട് 6.30നു മങ്കൊമ്പ് ജംഗ്ഷനിൽ നടക്കുന്ന സമാപനസമ്മേളനം റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കൂലിപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്ക റെക്ടർ ഫാ. ഡോ. ജയിംസ് പാലയ്ക്കൽ പ്രസംഗിക്കും.
മൂലം വള്ളംകളിക്ക് കുട്ടനാട്ടിൽ പ്രദേശിക
അവധി: പരിശോധിക്കാമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: മൂലം വള്ളംകളിക്ക് കുട്ടനാടിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം പരിശോധിച്ചു യുക്തമായ നടപടി സ്വീകരിക്കാമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂലം വള്ളംകളിയ്ക്ക് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്ന റെജി ചെറിയാന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രദേശിക അവധികൾ ഉൾപ്പെടെ പുതുതായി അവധി അനുവദിക്കേണ്ടതില്ലെന്നായിരുന്നു സർക്കാരിന്റെ നിലവിലെ നയം. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.