കാക്കനാട്: സ്വകാര്യ അപ്പാർട്ട്മെന്റിൽ യുവതിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൊവ്വര സ്വദേശി ബ്രൈറ്റ് ബിജുവാണ് (22) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്ത് ചെമ്പുമുക്ക് സ്വദേശിനിയെ ഇൻഫോപാർക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇൻഫോപാർക്കിനു സമീപം ഇടച്ചിറയിലുള്ള മിസാജ് അപ്പാർട്ട്മെന്റ്ൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മുറിയെടുത്ത ഇരുവരും മദ്യപിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലിസ് അറിയിച്ചു. രാത്രി പതിനൊന്നോടെ ബ്രൈറ്റ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. യുവാവ് അബോധാവസ്ഥയിലായതിനെ തുടർന്ന് യുവതി ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിച്ചു. തുടർന്ന് സഹോദരനും യുവതിയും ചേർന്ന് ബ്രൈറ്റിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ ഇൻഫോപാർക്ക് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.