മണര്‍കാട്: തിരുവഞ്ചൂരില്‍ ഒഴുകിപ്പോയ വാട്ടര്‍ ടാങ്ക് പിടിക്കാന്‍ വെള്ളക്കെട്ടിലിറങ്ങി ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവഞ്ചൂര്‍ പറമ്പുകര ലക്ഷംവീട് കോളനി കണിയാംകുന്നേല്‍ പാലൂപറമ്പില്‍ ശശിയുടെ മകന് പി.എസ്. ശരണി(35)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.
കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മുറ്റത്ത് വച്ചിരുന്ന വാട്ടര്‍ ടാങ്ക് പാടശേഖരത്തിലേക്ക് ഒഴുകിപ്പോയി. ഇതെടുക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോകുകയായിരുന്നു. കണ്ടത്തില്‍ പയര്‍ കൃഷിക്കായി കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറുകളില്‍ കുരുങ്ങിയതാണ് ശരണിനു വിനയായത്. കയറിനിടയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച തന്നെ ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് കേന്ദ്രസേനയും തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്നലെ രാവിലെ വീണ്ടും ഫയര്‍ ആന്‍ഡ് റെസ്ക്യു ടീം എത്തി നടത്തിയ തെരച്ചിലിലാണ് രാവിലെ ഒമ്പതോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായ ശരണ്‍ അവിവാഹിതനാണ്. രാധയാണ് മാതാവ്. ശരത്ത് ഇരട്ട സഹോദരനും, ശശിര, നിഷ എന്നിവര്‍ സഹോദരിമാരുമാണ്. സംസ്കാരം ഇന്നു രാവിലെ 10നു മാങ്ങാനം ചിലന്പറക്കുന്ന് ശ്മശാനത്തില്‍