ചങ്ങരംകുളം: കടകള്‍ക്കും പൊലിസ് വാഹനത്തിനും നേരേ കല്ലെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലര്‍ച്ചെ രണ്ടിന് ചങ്ങരംകുളം ടൗണിലായിരുന്നു സംഭവം. അക്രമാസക്തനായ യുവാവ് ടൗണിലെ കടകള്‍ക്കുനേരേ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് കടകളുടെ ഗ്ലാസുകള്‍ തകര്‍ന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങരംകുളം പൊലിസിന് നേരേയും ഇയാള്‍ കല്ലെറിഞ്ഞു. പൊലിസ് വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏറെ നേരം ഭീതി പരത്തിയ യുവാവിന് മാനസികാസ്വസ്ഥ്യമുള്ളതായി പൊലിസ് അറിയിച്ചു. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലിസ് അറിയിച്ചു.