സേബ ഇംഗ്ലീഷ് പാട്ടുകള്‍ പാടി നടക്കുമ്പോള്‍ വല്യമ്മ അമ്മിണി പറയുമായിരുന്നു. നീ ഒരു മലയാളം പാട്ടുപാട്.. നിനക്ക് അതിന് ഒരു അവാര്‍ഡ് കിട്ടും. വല്യമ്മയുടെ വാക്കുകള്‍ ഇന്ന് അര്‍ഥവത്തായിരിക്കുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയ സേബ ടോമി കോട്ടയത്തുകാരുടെ ഇമ്പമാര്‍ന്ന പാട്ടുകാരിയാണ്. അം അ: എന്ന സിനിമിയിലെ ആരോരും... കേറിടാത്തൊരു ചില്ലയില്‍... എന്നു തുടങ്ങുന്ന പാട്ടാണ് സേബയെ സംസ്ഥാന അവാര്‍ഡിനര്‍ഹയാക്കിയത്.
കഴിഞ്ഞ പത്തു വര്‍ഷമായി ചലച്ചിത്ര പിന്നണി ഗാനരംഗത്തു സേബ സജീവമാണ്. ക്വീന്‍ ഓഫ് ദി നൈറ്റ് എന്നു തുടങ്ങുന്ന ലോക എന്ന സിനിമയിലെ ഗാനമാണ് സേബയെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറ്റിയത്.
ചങ്ങനാശേരി നാലുകോടി സ്വദേശിയായ സേബയുടെ കുടുംബം ഇപ്പോള്‍ കോട്ടയം കളത്തിപ്പടിയിലാണ് താമസിക്കുന്നത്. ബിസിനസ് നെറ്റ്വര്ക്കിംഗ് ഇന്റര്‍നാഷണലിന്റെ (ബിഎന്‍ഐ) കോട്ടയം എക്സിക്യൂട്ടീവ് ഡയറക്ടറായ വലിയപറമ്പില്‍ ടോമി ജോസഫിന്റെയും റെനിയുടെയും ഇളയ മകളാണ് സേബ.
സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ടോമി മൂളിപ്പാട്ടു പാടി നടന്ന മകളെയും ചെറുപ്പത്തില്‍ തന്നെ സംഗീതവഴിയിലേക്കു തിരിച്ചുവിട്ടു. സ്കൂള്‍ പഠനകാലത്തു തന്നെ കര്‍ണാട്ടിക് സംഗീതം പരിശീലിച്ചു. ഒപ്പം വെസ്റ്റേണ്‍ മ്യൂസിക്കിലും പരീക്ഷണം നടത്തി.
എറണാകുളത്ത് രാജഗിരി സ്കൂളിലെ പഠനകാലത്ത് സംഗീതത്തില്‍ ഒന്നാം സമ്മാനം നേടിയ സേബ, തേവര എസ്എച്ച് കോളജിലെ പഠനകാലത്ത് യുണിവേഴ്സിറ്റി വിന്നറും ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യനുമായി. സംഗീതത്തില്‍ കൂടുതല്‍ പഠിക്കുന്നതിനായി പിന്നീട് മുംബൈയിലേക്കു പോയി ടാഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെസ്റ്റേണ്‍ മ്യൂസിക് പരിശീലിച്ചു.
പാട്ടുപാടിപ്പാടി ഇപ്പോള്‍ പാട്ടിനൊപ്പം വരികളും എഴുതിത്തുടങ്ങി. ലോകയിലെ ഹിറ്റ് ഗാനത്തിന്റെ വരികളെഴുതിയതും സേബയാണ്. സംഗീതത്തില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ‘സേബ ടോമി ലൈവ് ’ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡും ഉണ്ടാക്കി.
ലണ്ടന്‍ ട്രിനിറ്റി കോളജ് നടത്തുന്ന ഗ്രേഡ് പരീക്ഷയിലെ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വിഭാഗത്തില്‍ റോക്ക് ആന്‍ഡ് പോപ്പ് മ്യൂസിക്കില്‍ എട്ടാം ഗ്രേഡ്, ദുബായില്‍ മൂണ്‍ ടിവിയുടെ റിയാലിറ്റിഷോയിലെ ഫസ്റ്റ് റണ്ണറപ്പ്, ഗുഡ്നെസ് ടിവിയുടെ മ്യൂസിക് റിയാലിറ്റിഷോയില്‍ ഒന്നാം സ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങള്‍ സ്വന്തം കരിയറില്‍ ഇതിനോടകം ഈ കൊച്ചുഗായിക നേടിക്കഴിഞ്ഞു.