International
കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശം നാലാണ്ട് പിന്നിട്ടു. 2022 ഫെബ്രുവരി 24നാണ് യുക്രെയ്നെതിരേ റഷ്യ ആക്രമണം ആരംഭിച്ചത്. ഇരുഭാഗത്തുമായി സിവിലിയന്മാരടക്കം ലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടു.
രണ്ടു ലക്ഷം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യൻ മാധ്യമസ്ഥാപനമായ മീഡിയസോണ അറിയിച്ചത്. ബിബിസിക്കൊപ്പമാണ് മീഡിയസോണ വിവരശേഖരണം നടത്തിയത്. ആറായിരം സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ പറയുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടത്. ഇരുഭാഗത്തുമായി കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്ത സൈനികരുടെ എണ്ണം 20 ലക്ഷം ആയെന്നാണു റിപ്പോർട്ട്. യുക്രെയ്നെതിരേ പോരാടാൻ വിസമ്മതിച്ച ഒട്ടേറെ സൈനികരെ അധികൃതർ കൊലപ്പെടുത്തിയായി റഷ്യൻ സൈനികൻ വെളിപ്പെടുത്തി.
യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഒട്ടേറെ സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ 20 ശതമാനം ഭൂമി റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്. യുക്രെയ്നിലെ വൈദ്യുതിവിതരണ ശൃംഖല റഷ്യൻ ആക്രമണത്തിൽ താറുമാറായി.
റഷ്യയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ യുക്രെയ്ന്റെ പുനരുദ്ധാരണത്തിന് അടുത്ത ഒരു ദശകത്തിൽ 58,800 കോടി ഡോളർ വേണ്ടിവരുമെന്നാണ് ലോകബാങ്ക് യൂറോപ്യൻ കമ്മീഷൻ, യുഎൻ എന്നിവർ കണക്കാക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം ദീർഘകാലമായി നടത്തുന്ന ശ്രമങ്ങൾക്കു കാര്യമായ ഫലമുണ്ടായിട്ടില്ല. യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കണം എന്ന നിർദേശത്തിലാണ് അഭിപ്രായവ്യത്യാസം തുടരുന്നത്. യൂറോപ്യൻ യൂണിയൻ യുക്രെയ്ന് പൂർണ പിന്തുണ നല്കുന്നു.
യുക്രെയ്ൻ ജനതയുടെ നാലു വർഷത്തെ ത്യാഗം വിസ്മരിച്ച് റഷ്യയുമായി സമാധാനക്കരാർ ഉണ്ടാക്കില്ലെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അധിനിവേശത്തിന്റെ നാലാം വാർഷികദിനമായ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദീർഘകാല സമാധാനമാണു യുക്രെയ്ൻ ആഗ്രഹിക്കുന്നതെങ്കിലും നാലു വർഷത്തെ യുക്രെയ്ൻ ജനതയുടെ പോരാട്ടം, ധൈര്യം എന്നിവയെ നിരാകരിക്കുന്നതു വഞ്ചനയ്ക്കു തുല്യമാണെന്ന് സമാധാനചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ സന്ദർശിച്ച് യുക്രെയ്ൻ ജനതയുടെ ജീവിതവും ദുരിതവും നേരിട്ടു കാണണം. യുക്രെയ്ൻ ജനതയെ തകർക്കുക എന്നതടക്കം ഒരു ലക്ഷ്യവും പുടിനു നേടാൻ കഴിഞ്ഞിട്ടില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
വാർഷികത്തിന്റെ ഭാഗമായി യുക്രെയ്നിലെത്തിയ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ലാത്വിയ പ്രധാനമന്ത്രി എവിക സിലിന, ഐസ്ലൻഡ് പ്രധാനമന്ത്രി ക്രിസ്ട്രം, നോർവേ പ്രധാനമന്ത്രി യോനസ് ഗാർ സ്റ്റോറ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ തുടങ്ങിയവർ കീവിലെ സെന്റ് സോഫിയ കത്തീഡ്രലിലെ അനുസ്മരണചടങ്ങിൽ പങ്കെടുത്തു.
International
കീവ്: യുക്രെയ്നിൽ പ്രസിഡന്റ് സെലൻസ്കി ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുക്രെയ്നിലെ ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണിത്.
ശൈത്യം രൂക്ഷമായിരിക്കുന്നതിനിടെ വൈദ്യുതി, താപ വിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണു റഷ്യയുടെ ആക്രമണം.
കഴിഞ്ഞയാഴ്ചത്തെ ആക്രമണത്തിനു പിന്നാലെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ 70 ശതമാനം പ്രദേശത്തും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
International
കീവ്: റഷ്യയുമായുള്ള യുദ്ധം ഇനിയും നീളാൻ ഇടയാക്കുന്ന ദുർബല സമാധാന കരാറിൽ യുക്രെയ്ൻ ഒപ്പുവയ്ക്കില്ലെന്നു പ്രസിഡന്റ് സെലൻസ്കി. നാലുവർഷത്തെ യുദ്ധം യുക്രെയ്നെ തളർത്തിയെങ്കിലും പരാജയം സമ്മതിക്കുമെന്ന് ആരും മോഹിക്കേണ്ടെന്നും പുതുവത്സര സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ആഴ്ചകളോ മാസങ്ങളോ നീളുന്ന വെടിനിർത്തലിനു പകരം, വർഷങ്ങൾ സമാധാനം ഉറപ്പാക്കുന്ന കരാറാണു യുക്രെയ്നു വേണ്ടത്. അത്തരമൊരു കരാറിലേ യുക്രെയ്ൻ ഒപ്പുവയ്ക്കൂ.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കമുള്ളവരുമായി അടുത്ത ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ, യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ തയാറായിവരികയാണ്. കരാറിന്റെ 90 ശതമാനം പൂർത്തിയായി. അവശേഷിക്കുന്ന 10 ശതമാനം വളരെ പ്രധാനപ്പെട്ടതാണ്. യുക്രെയ്ന്റെയും യൂറോപ്പിന്റെയും ഭാവി നിശ്ചയിക്കുക ഈ പത്തു ശതമാനമായിരിക്കുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
International
കീവ്: തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി.
റഷ്യയുമായുള്ള യുദ്ധം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുകയാണെന്ന വാദം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ഉയർത്തിയതോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2024 മേയിൽ സെലെൻസ്കിയുടെ കാലാവധി അവസാനിക്കാനിരുന്നതാണെങ്കിലും രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിനു തടസമായി. യുഎസ് സുരക്ഷ നൽകുമെങ്കിൽ അടുത്ത 60-90 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താം. താൻ പ്രസിഡന്റ് പദവിയിൽ കടിച്ചുതൂങ്ങുന്നുവെന്ന വ്യാഖ്യാനം ഒട്ടും ന്യായമല്ലെന്നും സെലെൻസ്കി പറഞ്ഞു.
അതേസമയം, റഷ്യയുമായി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്കും സംഘർഷം മൂലം രാജ്യത്തിന് വെളിയിൽ കഴിയുന്ന 57 ലക്ഷം യുക്രെയ്ൻ പൗരന്മാർക്കും വോട്ട് ചെയ്യാൻ സാധിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് നീതിയുക്തമാകൂവെന്ന് ഒരു പ്രതിപക്ഷ എംപി ബിബിസിയോട് പ്രതികരിച്ചു.
International
കീവ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയാറാക്കിയ പുതിയ പദ്ധതി അംഗീകരിക്കാൻ പ്രസിഡന്റ് സെലൻസ്കിക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്.
അടുത്ത വ്യാഴാഴ്ചയ്ക്കുള്ളിൽ പദ്ധതി അംഗീകരിക്കണമെന്നു യുഎസ് വൃത്തങ്ങൾ സെലൻസ്കിക്ക് അന്ത്യശാസനം നല്കി. യുഎസ് പ്രസിഡന്റ് ട്രംപ് പിന്നീട് ഇക്കാര്യം സൂചിപ്പിച്ചു.
അമേരിക്കയും റഷ്യയും ചേർന്നു തയാറാക്കിയ സമാധാന പദ്ധതി യുക്രെയ്നു വലിയ നഷ്ടമുണ്ടാക്കുന്നതാണെന്നു യൂറോപ്യൻ ശക്തികൾ ചൂണ്ടിക്കാട്ടിയുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബെർഗിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ യുക്രെയ്ന്റെ മിത്രരാജ്യങ്ങൾ പദ്ധതി ചർച്ച ചെയ്യുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ അറിയിച്ചു.
പദ്ധതിപ്രകാരം യുക്രെയ്ൻ സേനയ്ക്കു നിയന്ത്രണമുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കേണ്ടിവരും. യുക്രെയ്ൻ നാറ്റോയിൽ ചേരില്ലെന്നു പ്രഖ്യാപിക്കുകയും സൈനികശേഷി പരിമിതപ്പെടുത്തുകയും വേണം.
International
കീവ്: അമേരിക്കയും റഷ്യയും ചേർന്നു തയാറാക്കിയ സമാധാന പദ്ധതിയോടു സഹകരിക്കാൻ സന്നദ്ധത അറിയിച്ച് യുക്രെയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. അമേരിക്ക അവരുടെ കാഴ്ചപ്പാടിനനുസരിച്ച് തയാറാക്കിയ പദ്ധതിയോടു സഹകരിക്കുമെന്നാണ് സെലൻസ്കി പറഞ്ഞത്.
ഇനിയൊരു അധിനിവേശം ഉണ്ടാകില്ലെന്ന് ഉറപ്പു ലഭിക്കുന്ന സമാധാനമാണു യുക്രെയ്നു വേണ്ടത്. പദ്ധതി ചർച്ച ചെയ്യാൻ യുക്രെയ്നിലെത്തിയ യുഎസ് സൈനികസംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു സെലൻസ്കി ഇതു പറഞ്ഞത്.
ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രതിനിധി കിറിൾ ദിമിത്രിയേവും തയാറാക്കിയ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു.
യുക്രെയ്നു വലിയതോതിൽ നഷ്ടമുണ്ടാകുന്ന പദ്ധതിയിൽ, റഷ്യയുടെ അന്താരാഷ്ട്രതല ഒറ്റപ്പെടൽ അവസാനിപ്പിക്കാനുള്ള നിർദേശങ്ങളും ഉൾപ്പെടുന്നു.
യുക്രെയ്നു സൈനികനിയന്ത്രണമുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കണമെന്നതാണ് ഒരു നിർദേശം.
യുക്രെയ്ൻ സൈനികരുടെ എണ്ണം ആറു ലക്ഷമായി പരിമിതപ്പെടുത്തുക, നാറ്റോയിൽ ചേരില്ലെന്നു പ്രഖ്യാപിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.ഇതിനു പകരമായി, യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുമെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ നല്കിയിട്ടില്ല.
ആഗോള സാന്പത്തികമേഖലയിലേക്കുള്ള റഷ്യയുടെ മടക്കമാണു മറ്റൊരു സുപ്രധാന നിർദേശം. റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ പിൻവലിക്കും. വൻശക്തികളുടെ കൂട്ടായ്മയായ ജി7ൽ റഷ്യയെ വീണ്ടും ഉൾപ്പെടുത്തി ജി8 ആക്കും.
അതേസമയം, യുക്രെയ്നെ ഉൾപ്പെടുത്താതെ തയാറാക്കിയ പദ്ധതിയിൽ യൂറോപ്യൻ ശക്തികൾ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.
International
കീവ്: റഷ്യയ്ക്കുള്ള ചൈനീസ് പിന്തുണ കുറയ്ക്കാൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിക്കവേയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്പിംഗിനു മേൽ സമ്മർദം ചെലുത്താൻ സെലൻസ്കി ആവശ്യപ്പെട്ടത്.
ദക്ഷിണ കൊറിയയിൽ വ്യാഴാഴ്ച ഷി ജിന്പിംഗുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ റഷ്യ - യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ പദ്ധതിയുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നുള്ള ഊർജ സ്രോതസുകളുടെ വിതരണം പരിമിതപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തേടുന്ന യുഎസ് നയത്തെ തങ്ങൾ പിന്തുണയ്ക്കുന്നെന്ന് കീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സെലൻസ്കി പറഞ്ഞു.
റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് ട്രംപ് കഴിഞ്ഞ ദിവസം ഉപരോധം ഏർപ്പെടുത്തുകയും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന ഊർജ ഉപഭോക്താക്കളോട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്നെതിരെയുള്ള ആക്രമണത്തിന് സഹായകരമാണെന്നാണ് യുഎസിന്റെയും യുക്രെയ്നിന്റെയും നിലപാട്.
International
കീവ്: റഷ്യ ആക്രമണം ശക്തമാക്കിയതോടെ യുഎസിൽനിന്നും കൂടുതൽ സൈനികസഹായം തേടി യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ റഷ്യ ശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെയാണ് സെലെൻസ്കിയുടെ നീക്കം.
വെള്ളിയാഴ്ച സെലെൻസ്കി യുഎസ് സന്ദർശിക്കും. ഹർകീവിലെ പ്രധാന ആശുപത്രിയിൽ ബോംബ് വീണതോടെ രോഗികളെ ഒഴിപ്പിച്ചു. ഊർജനിലയങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ദീർഘദൂര മിസൈലായ ടോമഹോക് യുക്രെയ്നിനു നൽകുമെന്നു കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ ഉൾപ്രദേശങ്ങളിലും ആക്രമണം നടത്താൻ ഈ മിസൈൽ ലഭിച്ചാൽ യുക്രെയ്നിനാവും. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്തു.