Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zhu Rongji

ചൈനീസ് സാന്പത്തികവളർച്ചയുടെ ശില്പി; പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ പാർട്ടിയോട് കലഹിച്ച നേതാവ്; സു റോംഗ്ജി വിടവാങ്ങി

 
ബെയ്ജിംഗ്: ആധുനിക ചൈനയെ സാന്പത്തിക ശക്തിയാക്കി വളർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച മുൻ പ്രധാനമന്ത്രി സു റോംഗ്ജി (98) അന്തരിച്ചു. പ്രായാധിക്യവുമായി ബിന്ധപ്പെട്ട രോഗങ്ങൾ മൂലമായിരുന്നു അന്ത്യം.
മാവോ സേ ദുംഗിന്‍റെ ജന്മനാടായ ഹുനാൻ പ്രവിശ്യയിൽ ജനിച്ച് ഇലക്‌ട്രിക്കൽ എൻജിനിയറാവുകയും പാർട്ടിയിൽ പടിപടിയായി ഉയരുകയും ചെയ്ത സു പൊതുമേഖലാ സ്ഥാപനങ്ങളെ പുനസംഘടിപ്പിക്കുകയും വിപണി അധിഷ്ഠിത സന്പദ് വ്യവസ്ഥയിലേക്ക് ചൈനയെ നയിക്കുകയും ചെയ്തു.
കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ഗവർണർ (1993-95), ഉപപ്രധാനമന്ത്രി (1991-98), പ്രധാനമന്ത്രി (1998- 2003) എന്നീ പദവികളിൽ സു നടപ്പാക്കിയ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളാണ് തൊണ്ണൂറുകളിൽ ചൈനയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്.
ചൈന ലോക വ്യാപാര സംഘടനയിൽ അംഗമായതും ജപ്പാനെ മറികടന്ന് അമേരിക്കയ്ക്കു പിന്നിൽ രണ്ടാമത്തെ വലിയ സാന്പത്തിക ശക്തിയായി മാറിയതും ഇതിന്‍റെ അനന്തരഫലങ്ങളായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കു നയിക്കാൻ ആസൂത്രണം ചെയ്ത പദ്ധതികൾ സുവും പാർട്ടി നേതൃത്വവും തമ്മിലുള്ള സംഘർഷത്തിനിടയാക്കിയിരുന്നു. സുവിന്‍റെ നയങ്ങൾ മൂലം ദശലക്ഷങ്ങൾക്കു തൊഴിൽ നഷ്ടപ്പെട്ടതായിരുന്നു പാർട്ടി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയത്.
പാർട്ടി നേതൃനിരയിൽ പ്രസിഡന്‍റ് ജിയാംഗ് സെമിനും പ്രധാനമന്ത്രി ലി പെംഗിനും പിന്നിൽ മൂന്നാമനായിരുന്നു സു. 1998ൽ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട സു അഴിമതി നടപടികളിലൂടെ ജനപ്രിയനായി. “ഞാൻ നൂറു ശവപ്പെട്ടികൾ തയാറാക്കിയിട്ടുണ്- 99 എണ്ണം അഴിമതിക്കാരും ഒരെണ്ണം എനിക്കും”- എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
അതേസമയം, സ്വകാര്യവത്കരണത്തിൽ സുവിന് താത്പര്യം കുറവായിരുന്നു. ബാങ്ക്, എയർലൈൻ‌സ്, എണ്ണ കന്പനികൾ മുതലായ പൊതു മേഖല സ്ഥാപനങ്ങളെ അദ്ദേഹം ലാഭത്തിലാക്കി. പക്ഷേ, അവയുടെ ഉടമസ്ഥത സർക്കാരിൽ തന്നെ നിലനിർത്തി.

Latest News

Corehub Up