തൊടുപുഴ: തെക്കുംഭാഗം-അഞ്ചിരി റോഡില്‍ മലങ്കര ഗേറ്റിനു സമീപം കലുങ്ക് പൊളിച്ചുനീക്കിയതിനെത്തുടര്ന്നുണ്ടായ ഗതാഗത തടസത്തിന് താത്കാലിക പരിഹാരം. മലങ്കര എസ്റ്റേറ്റിലൂടെ താത്കാലിക റോഡ് നിര്‍മിച്ചാണ് യാത്രാസൗകര്യം ഒരുക്കിയത്.
ഒരാഴ്ച മുന്‍പാണ് ഇവിടെയുള്ള കലുങ്ക് പുതുക്കി നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കിയത്. ഇതോടെ ഇതുവഴിയുള്ള കാല്‍നടയാത്ര ഉള്‍പ്പടെ പൂര്‍ണമായും തടസപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ തടികൊണ്ട് ചെറിയ നടപ്പാലം ഉണ്ടാക്കിയെങ്കിലും വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലായിരുന്നു.
ഇതോടെ അഞ്ചിരി റൂട്ടിലെ യാത്രക്കാര്‍ കിലോമീറ്ററുകള്‍ ചുറ്റി ഇഞ്ചിയാനി വഴിയും അയ്യംപാറ ഭാഗത്തുനിന്ന് വട്ടമറ്റം വഴിയും സഞ്ചരിക്കേണ്ടിവന്നു. അയ്യമ്പാറ-വട്ടമറ്റം പഞ്ചായത്ത് റോഡിലൂടെ ചെറിയ വാഹനത്തിനു പോകാനുള്ള വീതി മാത്രമാണുള്ളത്. ഇതുവഴി രണ്ടു വാഹനങ്ങള്‍ ഒരുമിച്ച് വന്നാല്‍ സൈഡ് കൊടുക്കാന്‍ കഴിയാതെ ഏറെ കഷ്ടപ്പെടും. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വിഷയം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദിന്റെയും മുന്‍ ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ എ.കെ. സുഭാഷ് കുമാറിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ഇവര്‍ മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റ് അധികൃതരെ ബന്ധപ്പെട്ടു.
കോട്ടയം ഹെഡ് ഓഫിസില്‍നിന്ന് അനുമതി വേണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് എംപി കമ്പനി എംഡിയെ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് താത്കാലിക റോഡ് നിര്‍മിക്കാന്‍ വഴിതെളിഞ്ഞത്. ഇതേത്തുടര്‍ന്ന് രണ്ട് ഭാഗത്തെ കയ്യാല പൊളിച്ച് തെക്കുംഭാഗം - മലങ്കര റോഡില്‍നിന്ന് അഞ്ചിരി റോഡിലേക്ക് എസ്റ്റേറ്റിലൂടെ 120 മീറ്ററോളം ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് താത്കാലിക പാത നിര്‍മിക്കുകയായിരുന്നു.
റോഡ് വെട്ടിയതോടെ ഈ റൂട്ടിലെ ചെറുവാഹന യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമായി. സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പടെ ഇതുവഴി സഞ്ചരിച്ചു. റോഡ് നിര്‍മിക്കാന്‍ നേതൃത്വം നല്കിയ ജനപ്രതിനിധികളെയും അനുമതി നല്കിയ മലങ്കര എസ്റ്റേറ്റ് അധികൃതരെയും നാട്ടുകാര്‍ അഭിനന്ദിച്ചു.