ജയൻ വന്നേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആരണ്യകാണ്ഡത്തിന് വിജയദശമി ദിനത്തിൽ തുടക്കമായി. പോംപി എന്റർടെയ്ൻമെന്റ്സിന്റെയും ഫ്ലയിംഗ് കളേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ പൂജാചടങ്ങ് കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു.
പൂർണമായും വനത്തിന്റെ പശ്ചാത്തലത്തിലാണ് ആരണ്യകാണ്ഡം എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കാടിന്റെ വന്യതയും നിഗൂഢതയും ആകാംക്ഷയും സമന്വയിക്കുന്ന വ്യത്യസ്തമായ ചലച്ചിത്രാനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക.
കടുവയുടെ കണ്ണുകളിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ പെൺകുട്ടിയുടെ രൂപം ഉൾപ്പെടുത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം വലിയ പ്രതീക്ഷയാണ് നൽകുന്നത്.
പുതുമുഖം അഞ്ജലി രാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യ കൃഷ് ആണ് ചിത്രത്തിലെ നായകൻ.
മാർട്ടിൻ മുരുകൻ, ഡിനീഷ് ആലപ്പുഴ, പ്രമോദ് വെളിയനാട്, മേജർ രവി, മനോജ് കെ.യു., സാജൻ സുദർശനൻ, കാർത്തി ശ്രീകുമാർ, അനിൽ ലളിതാംബിക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ പ്രമുഖ സാങ്കേതിക വിദഗ്ദരാണ് ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
സംഗീതം- ഗോപി സുന്ദർ, ഛായാഗ്രഹണം - ജോമോൻ തോമസ്, എഡിറ്റിംഗ് - സോബിൻ കെ. സോമൻ., പ്രൊഡക്ഷൻ ഡിസൈനർ - മനു ജഗത്, കോസ്റ്റ്യം ഡിസൈൻ- അനീഷ് തൊടുപുഴ, മേക്കപ്പ് - ജോൺ വിക്ടർ, വി.എഫ്.എക്സ്. സൂപ്പർവൈസർ - അരുൺ ലാൽ, വി.എഫ്.എക്സ്. പ്രൊഡ്യൂസർ - ഗായത്രി പന്തലങ്ങട്ടിൽ, സ്റ്റിൽസ്- റഫീഖ് പട്ടേരി, കൺട്രോളർ- പ്രവീൺ എടവണ്ണപ്പാറ.
നവംബർ അഞ്ചു മുതൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രം പാലക്കാട് ധോണി, വാഗമൺ, ബംഗളൂരു എന്നിവിടങ്ങളിലായി പൂർത്തിയാകും. അഞ്ചു ഭാഷകളിലായാണ് ചിത്രമെത്തുന്നത്. പിആർഒ- വാഴൂർ ജോസ് .