മലപ്പുറം: തിരൂരങ്ങാടിയിലെ മുസ്ലീം ലീഗ് സ്ഥാനാർഥിക്കെതിരെ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്ത്. കമ്മിറ്റികൾ അറിയാതെയാണ് പി.എം.എ.സമീറിനെ സ്ഥാനാർഥിയാക്കിയതെന്ന് അബ്ദുറഹിമാൻ രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചു. താൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്.
കമ്പനി സെക്രട്ടറിയായിരുന്ന സമീറിനെ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും രണ്ടത്താണി ചോദിച്ചു. യൂത്ത് ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, ഫൈസൽ ബാബു, ടി.പി.അശ്രഫലി തുടങ്ങിയവരൊക്കെ മലപ്പുറം ജില്ലയിൽ നിന്ന് സ്ഥാനാർഥികളായത് അഭിമാനകരം തന്നെ.
ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എംഎൽഎയാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ.എം. ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം. എന്നാൽ പി.എം.എ.സമീറിന് സീറ്റ് നൽകിയത് എന്തിനാണ്.
ചിലരുടെ താൽപര്യത്തിനായി സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും രണ്ടത്താണി വ്യക്തമാക്കി.