തിരുവനന്തപുരം: പിഎസ്സി ചെയർമാനെ നീക്കണമെന്നും അംഗങ്ങളെ മുഴുവൻ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഗവർണർ നൽകിയ ശിപാർശ നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവുമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 316 പ്രകാരമാണ് പബ്ലിക് സർവീസ് കമ്മീഷനെ നിയമിക്കുന്നത്. അത്തരത്തിൽ നിയമിക്കപ്പെടുന്ന അംഗങ്ങൾക്ക് ആറു വർഷത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കിൽ ആർട്ടിക്കിൾ 317 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
ഒരംഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രവർത്തി ദോഷം സംബന്ധിച്ച പരാതിയിൽ സുപ്രീം കോടതി ഒരു അന്വേഷണ വിചാരണ നടത്തി ചെയർമാനേയും അംഗങ്ങളെയും നീക്കം ചെയ്യേണ്ടതാണെന്ന് റിപ്പോർട്ട് ചെയ്തതിനു ശേഷം മാത്രമേ, രാഷ്ട്രപതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ. അത്തരത്തിലൊരു അന്വേഷണ വിചാരണയും കേരളത്തിലെ പിഎസ്സി അംഗങ്ങൾക്കെതിരായി സുപ്രീംകോടതിയിൽ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഗവർണണർക്ക് ഇത്തരത്തിലൊരു ശിപാർശ നടത്താൻ ഭരണഘടനാപരമായി യാതൊരു അധികാരവുമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.