വീണ്ടും കാറപകടം, രണ്ടുപേർക്കു പരിക്ക്
മുണ്ടൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള വീതികുറഞ്ഞ റോഡ് അപകടങ്ങളുടെ സ്ഥിരം കേന്ദ്രമാകുന്നു. ഇന്നലെ രാവിലെ ഏഴോടെ മുണ്ടൂർ പള്ളിക്ക് സമീപം പാലക്കാട്ടുനിന്നു ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലും വിളക്കുകാലിലും ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ബാലകൃഷ്ണൻ, ജയലക്ഷ്മി എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻതന്നെ സമീപവാസികൾ അമല ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.
ഇടിയുടെ ആഘാതത്തിൽ വിളക്കുകാൽ ഒടിഞ്ഞുവീഴുകയും റോഡിൽ ഡീസലും ഓയിലും പരന്നൊഴുകുകയും ചെയ്തു. തുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തിയാണ് തൃശൂർ-കുറ്റിപ്പുറം റൂട്ടിൽ അരമണിക്കൂറോളം തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡിലെ എണ്ണമയം ഫയർഫോഴ്സ് വൃത്തിയാക്കി. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
പേരാമംഗലം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി നിർമിച്ച ഡിവൈഡറാണ് ഇവിടെ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്. രണ്ടുവരിപ്പാതയായി വരുന്ന റോഡ് മുണ്ടൂരിലെത്തുമ്പോൾ പെട്ടെന്ന് ഒരു വരിയായി ചുരുങ്ങുന്നതും, റോഡരികിലെ കുത്തനെയുള്ള ഉയരവ്യത്യാസവും അപകടങ്ങൾക്ക് കാരണമാകുന്നു.
വീതി കൂട്ടാനായി പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാറ്റാത്തതിനാൽ വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഡിവൈഡർ നിർമാണത്തിലെ അശാസ്്ത്രീയത ഉടൻ പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.