തിരുവനന്തപുരം: സിനിമയിൽ ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്പോൾ സത്യൻ സാറിന്റെ പല അഭിനയ മുഹൂർത്തങ്ങളും തനിക്കു പ്രചോദമായിട്ടുണ്ടെന്നു ചലചിത്ര നടൻ ഇന്ദ്രൻസ്.
സംഭാഷണമില്ലാത്ത രംഗങ്ങളിൽ ഫ്രെയിമിൽ പിടിച്ച് നിൽക്കുക വളരെ പ്രയാസകരമാണ്. എന്നാൽ അത്തരം രംഗങ്ങളിൽ സത്യൻ സാറിന്റെ അഭിനയം അസാധാരണമാണെന്നും ഇന്ദ്രൻസ്. സത്യൻ ഫൗണ്ടേഷന്റെ സത്യൻ നാഷണൽ ചലച്ചിത്ര അവാർഡ് മന്ത്രി സണ്ണി ജോസഫിൽ നിന്നും ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു ഇന്ദ്രൻസ.്
സത്യന്റെ 114-ാം ജയന്തിയോടനുബന്ധിച്ച് ഭാരത് ഭവനിലായിരുന്നു പുരസ്കാര ദാന ചടങ്ങ്.
സിനിമാ അഭിനയത്തിന്റെ തുടക്കക്കാലത്ത് കുടക്കന്പി, നീർക്കോലി എന്നീ പേരുദോഷം എനിക്കുണ്ടായിരുന്നു. പിന്നീടാണ് കാരക്ടർ റോൾ ലഭിച്ചു തുടങ്ങിയത്. ഭാരത് ഭവനിൽ തിങ്ങിനിറഞ്ഞ സദസിൽ നിന്നുയർന്ന കൂട്ടച്ചിരിക്കിടയിൽ ഇന്ദ്രൻസ് പറഞ്ഞു. സത്യൻ സാറിന്റെ അളവ് തന്റെ അളവ് ബുക്കിലെ ആദ്യ അളവായി എഴുതി വയ്ക്കുവാൻ സാധിക്കാത്തത് സിനിമാ ജീവിതത്തിലെ ഒരു വലിയ നഷ്ടമാണ്. സിനിമാരംഗത്ത് കുറച്ചുകൂടി മുൻപേ എത്തിയിരുന്നെങ്കിൽ സത്യൻ സാറിന്റെ പേര് പുസ്തകത്തിൽ ആദ്യം ഉണ്ടായിരുന്നേനെ.
വസ്ത്രലാങ്കാര കലാകാരനായി ചലച്ചിത്ര ലോകത്തെത്തി രാജ്യം അംഗീകരിക്കുന്ന ചലച്ചിത്രതാരമായി വളർന്ന ഇന്ദ്രൻസ് പറഞ്ഞു. പ്രേം നസീറിന്റെ പേരുമുതലാണ് എന്റെ അളവ് പുസ്തകം തുടങ്ങുന്നത്. സത്യൻ സാർ അഭിനയ രംഗത്ത് നിറഞ്ഞുനിൽക്കുന്ന കാലത്ത് സ്റ്റ്യാച്യുവിലെ ഒരു തുന്നൽ കടയിൽ ഇരുന്ന് തയ്ക്കുകയായിരുന്നു ഞാൻ. സിനിമയിൽ പകരക്കാരനായി ഇടയ് ക്കു അവസരം ലഭിച്ചിരുന്നുവെങ്കിലും വസ്ത്രാലങ്കാര കലാകാരനായി അന്ന് രംഗ പ്രവേശം ലഭിച്ചിട്ടില്ല. ചൂതാട്ടം സിനിമയിലാണ് തുടക്കം. പ്രേം നസീർ സാറിന്റെ പേരു അതു കൊണ്ട് തന്നെ അളവ് പുസ്തകത്തിലെ ആദ്യ പേരായി. മഹാനടൻ സത്യന്റെ പേരിലുള്ള അവാർഡ് ലഭിക്കുന്നതു ഒരു സ്വപ്നംപോലെ അനുഭവപ്പെടുന്നു എന്നും ഇന്ദ്രൻസ് വ്യക്തമാക്കി. മുൻ കാലത്ത് സത്യന്റെ പേരിൽ നൽകപ്പെട്ടിരുന്ന മികച്ച നടനുള്ള അവാർഡ് വീണ്ടും സത്യന്റെ പേരിൽ തന്നെ നൽകണമെന്നുള്ള ആവശ്യം പരിഗണിക്കുവാൻ മുഖ്യമന്ത്രി വി.ഡി. സതീശനേയും മന്ത്രി വിഷ്ണുനാഥിനേയും ധരിപ്പിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
സത്യന്റെ മകൻ സതീഷ് സത്യൻ നിർദേശിച്ച ഇക്കാര്യം ഗൗരവമായി കണക്കിലെടുക്കുമെന്നും മന്ത്രി പറഞ്ഞു.
നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ, നിർമാതാവ് ദിനേശ് പണിക്കർ എന്നിവർ അനുമോദന പ്രസംഗം നടത്തി. ചടങ്ങിൽ സംസ്ഥാന കലാകാരന്മാരുടെ ക്ഷേമനിധി ബോർഡ് ചെയർമാൻ എം.രഞ്ജിത് അധ്യക്ഷത വഹിച്ചു. സതീഷ് സത്യൻ സ്വാഗതവും ചെറുമകൾ ഡോ. ആശ ജീവൻ സത്യൻ നന്ദിയും പറഞ്ഞു. സത്യന്റെ ഇളയ മകനും ഗായകനുമായ ജീവൻ സത്യൻ പങ്കെടുത്തു. തുടർന്ന് സത്യൻ സിനിമകളിലെ ഗാനങ്ങൾ മണക്കാട് ഗോപൻ, സരിതാ രാജീവ് , ആദിത്യ തുടങ്ങിയവർ ചേർന്ന് ആലപിച്ചു. ആശ സത്യന്റെ മകൾ നവോമി സത്യൻ ഗാനന്ധ്യയിൽ പങ്കെടുത്തു.