പത്തനംതിട്ട: പ്രളയബാധിത പ്രദേശങ്ങളില്‍ വീടുകളിൽനിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള ഉപയോഗശൂന്യമായ അജൈവ പാഴ്വസ്തുക്കള് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കർമസേന, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ശേഖരിച്ച് സാധ്യമായ തരം തിരിവുകള്‍ നടത്തി ക്ലീന്‍ കേരള കമ്പനിക്ക് കെമാറും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നടന്നുവരികയാണ്. ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ഇതിനുള്ള ഏകോപനം നടത്തിവരുന്നു.
അഞ്ഞൂറ് ടണ്ണിലധികം അജൈവ മാലിന്യങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിരുവല്ല താലൂക്കില്‍ പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടു കൂടിയേ കൃത്യമായി മാലിന്യത്തിന്റെ അളവ് ലഭിക്കുകയുള്ളൂ.
എംസിഎഫുകള്‍ വെള്ളത്തില്‍
ഹരിത കര്‍മസേന ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കള് സൂക്ഷിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ പലതും വെള്ളത്തിലായി. ഗവണ്മെന്റ് നിര്‍ദേശപ്രകാരം വെള്ളപ്പൊക്കത്തിന് മുന്നോടിയായി മിക്ക സ്ഥലങ്ങളിലെ എംസിഎഫുകളില്നിന്നും മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി ശേഖരിച്ചിരുന്നു.
റാന്നി പഴവങ്ങാടി, അങ്ങാടി, തോട്ടപ്പുഴശേരി, കോട്ടാങ്ങല്‍, ഇരവിപേരൂര്‍, കുറ്റൂര്‍, നിരണം, പെരിങ്ങര, നെടുമ്പ്രം, കടപ്ര ഗ്രാമപഞ്ചായത്തുകളിലെ എംസിഎഫുകളിലാണ് വെള്ളം കയറിയത്.
ജൂലൈയില്‍ ശേഖരിച്ചത് 350 ടണ്‍
കഴിഞ്ഞ ജൂലൈയില്‍ ജില്ലയില്‍ ഹരിത കര്‍മസേന ശേഖരിച്ച് സംസ്കരണത്തിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത് 350 ടണ്‍ അജൈവ പാഴ്വസ്തുക്കളാണ്.
ജൂണില്‍ 300 ടണ്ണായിരുന്നു ശേഖരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കും അജൈവ പാഴ്വസ്തുക്കളും ശേഖരിക്കുന്നതിനാല്‍ പൊതു ഇടങ്ങളിലേക്ക് അജൈവ മാലിന്യം വലിച്ചെറിയുന്നതില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.