തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം.
ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്കും തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ഒഴിവാക്കപ്പെട്ടവർക്കും പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരമുണ്ട്.
പുതിയതായി പേരുചേർക്കുന്നവർക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാകും. എസ്ഐആറിൽ പേരു നീക്കം ചെയ്തെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ പുതുതായി അപേക്ഷ നൽകാൻ പാടുള്ളൂ. ബന്ധപ്പെട്ട പ്രാദേശിക തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെയോ എഇആർഒമാരുടെയോ ഓഫീസുകളിൽ വോട്ടർപട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റായ ceo.kerala.gov.in പരിശോധിക്കാം.
പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാനായി കേരളത്തിലുള്ളവർ ഫോം 6 വഴിയും പ്രവാസികൾ ഫോം 6 എ വഴിയുമാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ടത്.
ceo.kerala.gov.in, voters.eci.gov.in. തുടങ്ങിയ വെബ്സൈറ്റുകൾ വഴി വോട്ടർ പട്ടികയിൽ പേരു ചേർക്കാനാകും. ecinet എന്ന മൊബൈൽ ആപ്പ് വഴിയും പ്രദേശത്തെ ബിഎൽഒ വഴിയും വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം.