Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Addict

ലഹരിക്ക് അടിമയായ യുവാവിന്‍റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: പിലാത്തറയിൽ ലഹരിക്ക് അടിമയായ യുവാവിന്‍റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഏഴിലോട് ഫാറൂക് ജുമാ മസ്ജിദിലെ മുഅദ്ദിനെയും കമ്മിറ്റി ഭാരവാഹികളെയുമാണ് യുവാവ് ആക്രമിച്ചത്. കാസർഗോഡ് ബേഡകം സ്വദേശി സിയാദ് അബ്ദുള്ളയാണ് ഇവരെ ആക്രമിച്ചത്.

കുത്തേറ്റ മുഅദ്ദീൻ, മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), പള്ളി കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ.എം. സമീർ (37) എന്നിവരെ പയ്യന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിയാദ് അബ്ദുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് സിയാദെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി 10.45 നാണ് അക്രമം നടന്നത്. സിയാദ് ഏഴിലോട് ക്വാർട്ടേഴ്സിൽ കുടുംബസമേതമാണ് താമസിക്കുന്നത്. ലഹരിക്ക് അടിമയായ സിയാദ് ആദ്യം ക്വാർട്ടേഴ്സിലെത്തി ഭാര്യയെയും അയൽവാസികളെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും സിസിടിവി കാമറകൾ തല്ലിത്തകർക്കുകയുമായിരുന്നു.

തുടർന്ന് കൈയിൽ  കത്തിയുമായി തൊട്ടടുത്തുള്ള ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലേക്ക് അതിക്രമിച്ചു കയറി. പള്ളിയുടെ ജനൽ ചില്ലുകളും മദ്രസയിലെ കസേരകളും അടിച്ചുതകർത്തു. ജനൽച്ചില്ലുകൾ തകരുന്ന ശബ്ദം കേട്ട് പള്ളിയിലുണ്ടായിരുന്ന മുഹമ്മദ് ആഷിക് ഉടൻ കമ്മിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്.

പിന്നീട് നാട്ടുകാർ എത്തി അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ പരിയാരം പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Latest News

Corehub Up