കൊച്ചി : എറണാകുളം- ബംഗളൂരു റൂട്ടിലെ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിന് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി.നിലവിലുണ്ടായിരുന്ന എട്ടു കോച്ചുകൾക്ക് പകരം ഇന്നലെ മുതൽ 16 കോച്ചുകളുമായാണ് വന്ദേഭാരത് സർവീസ് ആരംഭിച്ചത്.
കൊച്ചുകളുടെ എണ്ണം കൂട്ടിയ വന്ദേഭാരത് സർവീസിന്റെ ഫ്ലാഗ് ഓഫ് എറണാകുളം ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. കോച്ചുകളുടെ എണ്ണം കൂട്ടിയതോടെ ട്രെയിനിലെ ആകെ സീറ്റുകളുടെ എണ്ണം 530-ൽ നിന്നും 1,128 ആയി ഉയർന്നു.
ഓണത്തിന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് മലയാളി യാത്രക്കർക്ക് വന്ദേഭാരതിലെ അധിക സീറ്റുകൾ നേട്ടമാകും.ബുധനാഴ്ചകൾ ഒഴികെയുള്ള ദിവസങ്ങളിലാണ് ബംഗളൂരു-എറണാകുളം വന്ദേഭാരത് സർവീസ് നടത്തുന്നത്. ബംഗളൂരുവിൽ നിന്ന് പുലർച്ചെ 5:10-ന് (ട്രെയിൻ നമ്പർ 26651) പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ന് എറണാകുളത്ത് എത്തിച്ചേരും. തിരികെ എറണാകുളത്തുനിന്ന് (നമ്പർ 26652) ഉച്ചയ്ക്ക് 2:20-ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിൽ എത്തും.
ഇതിനിടെ വന്ദേഭാരത് സർവീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു.