കൊച്ചി: ദത്തുപുത്രനെന്നോ ദത്തുപുത്രിയെന്നോ രേഖപ്പെടുത്താതെ മകന് അല്ലെങ്കില്‍ മകള്‍ എന്നു രേഖപ്പെടുത്തി മാത്രമേ ഔദ്യോഗിക രേഖകള്‍ നല്‍കാവൂ എന്ന് ഹൈക്കോടതി. ജനനംകൊണ്ടോ ദത്തെടുക്കല്‍ വഴിയോ ആകാം ബന്ധങ്ങള്‍ തുടങ്ങുന്നതെങ്കിലും ദത്തുപുത്രിയെന്നോ ദത്തുപുത്രനെന്നോ സമൂഹം വിളിക്കാറില്ല.
മക്കള്‍ എന്നതിനു മാറ്റമുണ്ടാകേണ്ടതില്ല. അതിനാല്‍, ഔദ്യോഗിക രേഖകളില്‍ ‘ദത്ത്’ എന്നു പ്രത്യേകം രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് നിർദേശിച്ചു.
ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ ദത്തെടുത്ത മക്കള്‍ക്കുള്ള പ്രത്യേക ഓപ്ഷന് ഒഴിവാക്കാന്‍ സര്‍ക്കാരിനും, നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഒരു മാസത്തിനകം മാറ്റം വരുത്താന്‍ റവന്യു സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്കി.
അച്ഛന്റെ മരണത്തെത്തുടര്‍ന്ന് താലൂക്ക് ഓഫീസില്‍നിന്നു നല്കിയ പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റില്‍ ‘ദത്തെടുത്ത മകള്‍’ എന്നു രേഖപ്പെടുത്തിയതിനെതിരേ തൃശൂര്‍ സ്വദേശിനി നല്കിയ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. 1990ല്‍ ദത്തെടുക്കപ്പെട്ട ഹര്‍ജിക്കാരി തന്റെ മാതാപിതാക്കളുടെ ഏക മകളാണ്. അമ്മയുടെ മരണാനന്തരം ലഭിച്ച അവകാശ സര്‍ട്ടിഫിക്കറ്റിലും മറ്റ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളിലും ‘മകള്‍’ എന്നു മാത്രമുള്ളപ്പോള്‍ അച്ഛന്റെ അവകാശ സര്‍ട്ടിഫിക്കറ്റില്‍ വന്ന ഈ മാറ്റം തന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
ഹിന്ദു ദത്തെടുക്കല്‍ നിയമത്തിലെ 12-ാം വകുപ്പുപ്രകാരം ദത്തെടുക്കപ്പെട്ടവര്‍ എല്ലാ അര്‍ഥത്തിലും ആ കുടുംബത്തിലെ മക്കളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ‘ദത്തെടുത്ത’ എന്ന വാക്ക് നീക്കം ചെയ്തു ഹര്‍ജിക്കാരിക്ക് പുതിയ അവകാശ സര്‍ട്ടിഫിക്കറ്റ് രണ്ടാഴ്ചയ്ക്കകം നല്കാന് തൃശൂര്‍ തഹസില്‍ദാര്‍ക്കു കോടതി നിര്‍ദേശം നല്കി.