സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാല്‍ വെള്ളച്ചാല്‍ പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണം.വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ മേയാന്‍ കെട്ടിയിട്ടിരുന്ന രണ്ട് പോത്തുകളെ കടുവ കൊന്നു.
ഒപ്പമറ്റത്തില് റെജിയുടെ പോത്തുകളാണ് കൊല്ലപ്പെട്ടത്. ഒരു പോത്തിനെ പാതിഭക്ഷിച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെ ഏഴോടെയാണ് റെജി രണ്ട് പോത്തുകളെയും വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ മേയാന്‍ കെട്ടിയത്. രാവിലെ 11ഓടെ പോത്തുകളെ മാറ്റിക്കെട്ടാനെത്തിയപ്പോഴാണ് രണ്ട് പോത്തുകളേയും ചത്തനിലയില്‍ കണ്ടെത്തിയത്.
വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോത്തുകളെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി കടുവയുടെയും പുലിയുടെയും ആക്രമണം ഉണ്ടാകുന്നതില്‍ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. കടുവയെ അടിയന്തരമായി കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചീരാല്‍, നമ്പ്യാര്‍കുന്ന്, വെള്ളച്ചാല്‍, കൊഴുവണ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തിലേറെയായി വളര്ത്തുമൃഗങ്ങള്ക്കുനേരേ കടുവയുടെയും പുലിയുടെയും ആക്രമണം രൂക്ഷമാണ്. ഈ കാലയളവില്‍ മുപ്പതിലധികം വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനകം രണ്ട് പുലികളെ കേരള വനംവകുപ്പും ഒരു പുലിയെ തമിഴ്നാട് വനംവകുപ്പും കൂടുവച്ച് പിടികൂടിയിരുന്നു.
വെള്ളച്ചാലില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് വനംവകുപ്പും ജനപ്രതിനിധികളും നടത്തിയ ഇടപെടലില്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചു. ഡ്രോണ്‍ കാമറ ഉപയോഗിച്ചു നിരീക്ഷണം നടത്തും. കടുവയെ പിടികൂടുന്നതിനായി സ്ഥലത്ത് കൂട് സ്ഥാപിക്കും. കൂടുതല്‍ കാമറകള്‍ സ്ഥാപിച്ച് വന്യജീവികളുടെ സാന്നിധ്യം നിരീക്ഷിക്കും. ചീരാലില്‍ ഇന്ന് വൈകുന്നേരം സര്‍വകക്ഷി യോഗം ചേരാനും തീരുമാനിച്ചു.
യോഗത്തില്‍ വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കും. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ഏറെ നാളായി ഉയര്‍ന്നുവരുന്ന ആവശ്യവും പരിഗണിക്കും. ആര്‍ആര്‍ടിക്ക് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ സൗകര്യം ഒരുക്കും. കടുവയുടെയും പുലിയുടെയും ആക്രമണത്തില്‍ കൊല്ലപ്പെടുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാകകുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു