കണ്ണൂർ: യുദ്ധം മനുഷ്യരാശിയോടുള്ള അനീതിയാണെന്നും ഇറാന്റെ പരമാധികാരത്തിനു മേലുള്ള അമേരിക്കൻ അധിനിവേശം പ്രതിഷേധാർഹമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
യുദ്ധത്തിനെതെരേയുള്ള സന്ദേശമുയർത്തിയും സമാധാനത്തിനായും ഡിസിസികളുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിൽ സമാധാന സംഗമ സദസുകൾ നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
നിസഹയരായ കുഞ്ഞുങ്ങളും സ്ത്രീകളുമാണ് എപ്പോഴും യുദ്ധത്തിന്റെ ഇരകളായി മാറുന്നത്. ഈ യുദ്ധത്തിലും അനേകം കുഞ്ഞുങ്ങളുടെയും സ്ത്രീകളുടേയും ജീവന് പൊലിഞ്ഞുകഴിഞ്ഞു. ഇനി ഒരു നിമിഷം പോലും വൈകാതെ ഈ ഹീനമായ കുറ്റകൃത്യം അവസാനിപ്പിക്കണം.
അന്താരാഷ്ട്രബന്ധങ്ങളുടേയും യുദ്ധങ്ങളുടേയും കാര്യത്തില് ഇന്ത്യ എക്കാലവും വ്യക്തവും നീതിയുക്തവും പക്ഷപാതരഹിതവുമായ നിലപാടുകള് സ്വീകരിച്ചുപോന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില് ഇന്ത്യയുടെ അത്തരം ഇടപെടലുകള്ക്കു വലിയ പ്രാധാന്യമാണുള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു.