ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വ്യാഴാഴ്ച സമാപിക്കാനിരിക്കെ, അവസാന ആഴ്ചയില്‍ സഭയുടെ കാര്യോപദേശക സമിതി പരിഗണിക്കേണ്ട ബില്ലുകളുടെ പട്ടികയില്‍ വിവാദ എഫ്സിആര്‍എ ഭേദഗതി ബില്‍ ഇല്ല.
മണ്ഡല പുനര്‍നിര്‍ണയത്തിനും വനിതാ സംവരണത്തിനുമുള്ള ഭരണഘടനാ ഭേദഗതികളും അജന്‍ഡയിലില്ല. കേരളത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്നതടക്കം നാലു ബില്ലുകളാണ് നിലവില്‍ അടുത്തയാഴ്ചത്തെ അജന്‍ഡയിലുള്ളത്.
എന്നാല്‍, അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ബില്ലുകള്‍ അനുബന്ധമായോ (സപ്ലിമെന്ററി) അല്ലെങ്കില്‍ പരിഷ്കരിച്ച ബിസിനസായോ (റിവൈസ്ഡ് ലിസ്റ്റ് ഓഫ് ബിസിനസ്) അവതരിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയും. ബില്‍ അവതരിപ്പിക്കാന്‍ സഭയുടെ അനുമതി തേടാന്‍ മന്ത്രിയെ അനുവദിക്കാനും വൈകിയുള്ള അറിയിപ്പുകള് സ്വീകരിക്കാനും ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും അധികാരമുണ്ട്. നിയമനിര്‍മാണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സഭയുടെ കാര്യോപദേശക സമിതി (ബിഎസി) താത്കാലിക സമയക്രമം തയാറാക്കുമെങ്കിലും അതു മാറ്റങ്ങള്‍ക്കു വിധേയമാണ്.
പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതിന്റെ തലേന്നായ ബുധനാഴ്ച എഫ്സിആര്‍എ ഭേദഗതി ബില്‍ ലോക്സഭയില്‍ വീണ്ടും അവതരിപ്പിച്ചേക്കുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.
വിപുലമായ കൂടിയാലോചനകളും പരിശോധനകളും ആവശ്യമായതിനാല്‍ എഫ്സിആര്‍എ ഭേദഗതി ബില്‍ പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നതാണു പ്രതിപക്ഷ നിലപാട്. കഴിഞ്ഞ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിച്ചശേഷം ഇതേ ബില്‍ കേരളം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി ഭയന്നു മരവിപ്പിച്ചിരുന്നു.
മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമായ മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള വിവാദ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാനായി പ്രത്യേക സമ്മേളനം ഉടനെ വിളിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയിച്ചില്ല. ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കര്‍ശന നിലപാട് സ്വീകരിച്ചു.
വര്‍ഷകാല സമ്മേളനത്തില്‍നിന്നു പൂര്‍ണമായി വിട്ടുനിന്ന് വിവാദത്തിലായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ബുധനാഴ്ച പാര്‍ലമെന്റിലെത്തി എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കുമെന്നാണ് ഭരണപക്ഷ എംപിമാരുടെ വിശ്വസം. എഫ്സിആര്‍എ ഭേദഗതിക്കെതിരേ ഇന്ത്യാ സഖ്യത്തിനു പുറമെ ഡിഎംകെയും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്.
എന്‍ഡിഎ ഘടകകക്ഷികളായ എന്‍സിപി, ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനും എഫ്സിആര്‍എ ബില്‍ തിരക്കിട്ടു പാസാക്കുന്നതിനോട് യോജിപ്പില്ല. ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ലക്ഷ്യമിട്ടുള്ള എഫ്സിആര്‍എ ഭേദഗതി ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസുകള്‍ അടക്കമുള്ള പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ഷകാല സമ്മേളനം ആദ്യ മൂന്നാഴ്ചകളിലും സ്തംഭിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് അതിക്രമം, ആയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള എന്നിവയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്തി പ്രസ്താവന നടത്താത്തതില്‍ പ്രതിഷേധിച്ചാണു സഭാസ്തംഭനം തുടരുന്നത്. കഴിഞ്ഞ മാസം 20ന് തുടങ്ങിയ സമ്മേളനം 13ന് അവസാനിക്കും.