അമ്മൂമ്മയുമായുള്ള തർക്കവും കുടുംബത്തിലെ മറ്റ് പ്രശ്നങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് പിന്നാലെ അഹാന കൃഷ്ണയുടെ കുടുംബം വിവാദത്തിലായിരുന്നു. പിന്നാലെ അഹാന തന്റെ വീഡിയോ യുട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു.
താൻ വീഡിയോ പിൻവലിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ നീക്കം ചെയ്യാമെന്ന് കസിൻ തൻവി സമ്മതിച്ചതായും അഹാന പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
‘‘കുടുംബത്തിലെ ആഭ്യന്തരപ്രശ്നങ്ങൾ പൊതുവേദിയിൽ ചർച്ചയാക്കേണ്ടവയല്ലെന്ന് മുതിർന്നവർ സംസാരിച്ച് തൻവിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഞാൻ എന്റെ വീഡിയോ പിൻവലിക്കുകയാണെങ്കിൽ, സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകൾ താനും നീക്കം ചെയ്യാമെന്ന് അവൾ സമ്മതിച്ചു. അതനുസരിച്ച് എന്റെ വീഡിയോ ഞാൻ ഇപ്പോൾതന്നെ പിൻവലിച്ചിരിക്കുകയാണ്. പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ ഈ വീഡിയോ ഞാൻ മാറ്റുമെന്ന് അതിൽത്തന്നെ വ്യക്തമായി പറഞ്ഞിരുന്നതുമാണ്.
യഥാർഥത്തിൽ, ഈ ‘സർക്കസിനു’ തുടക്കമിട്ടത് ഞാനല്ല. അവൾ ഒരിക്കലും ചെയ്യാൻ പാടില്ലാതിരുന്ന ഒരു പ്രവൃത്തിക്കുള്ള പ്രതികരണം മാത്രമായിരുന്നു എന്റെ ഭാഗത്തുനിന്നുണ്ടായത്. തൻവി നൽകിയ വാക്കിൽ ഉറച്ചുനിൽക്കുമെന്നും, വ്യക്തിപരമായ നേട്ടങ്ങൾക്കായി സ്വന്തം കുടുംബകാര്യങ്ങൾ ഇനി സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴയ്ക്കില്ലെന്നും ഞങ്ങൾ ആത്മാർഥമായി പ്രത്യാശിക്കുന്നു.’’അഹാന കൃഷ്ണ കുറിച്ചു.
ആരെയും കുറ്റപ്പെടുത്താതെയായിരുന്നു തൻവി ഈ വിഷയത്തിൽ വിശദീകരണം നൽകിയത്. ‘‘കുടുംബാംഗങ്ങളുമായി കാര്യങ്ങൾ സംസാരിച്ച് തെറ്റിദ്ധാരണകൾ നീക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഞാനും അഹാനയും വീഡിയോകൾ നീക്കം ചെയ്യുകയും സംസാരിച്ച് കാര്യങ്ങൾ തീർക്കുകയും ചെയ്യും.’’തൻവിയുടെ വാക്കുകൾ.
അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ അനുജത്തിയുടെ മകളായ തൻവി പങ്കുവച്ച ഒരു വ്ലോഗാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. അഹാനയുടെ കുടുംബം അമ്മൂമ്മയെ ഒറ്റപ്പെടുത്തിയെന്ന രീതിയിലായിരുന്നു തൻവിയുടെ ആദ്യ വീഡിയോ. ഇതിന് മറുപടിയുമായി, തന്റെ അമ്മയ്ക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഹാന രംഗത്തെത്തിയതോടെ പ്രശ്നം കൊഴുക്കുകയായിരുന്നു.