കാലിഫോർണിയ: കുട്ടികൾക്കായി മാതാപിതാക്കൾക്ക് സ്വന്തമായി കഥകൾ നിർമിച്ചു നൽകാൻ സഹായിക്കുന്ന പുതിയ എഐ ആപ്പുമായി മെറ്റ. സ്റ്റോറി കിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ചില രാജ്യങ്ങളിൽ മെറ്റ അവതരിപ്പിച്ചു.
കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുടെയോ വ്യക്തികളുടെയോ ചിത്രങ്ങൾ ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ ആപ്പിലൂടെ സാധിക്കും. നന്മ, ധൈര്യം, സഹതാപം തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന കഥ പ്രമേയങ്ങളും പശ്ചാത്തലവും മാതാപിതാക്കൾക്ക് തെരഞ്ഞെടുക്കാം. കഥകൾക്ക് പശ്ചാത്തല സംഗീതം നൽകാനും ആപ്പിൽ സൗകര്യമുണ്ട്.
"ഒരു വാക്ക് പോലും എഴുതാതെ തന്നെ കുട്ടികൾക്കായി മനോഹരമായ ബെഡ്ടൈം സ്റ്റോറികൾ നിർമിക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കുട്ടികൾക്കായുള്ള ആപ്പായതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പ്രാധാന്യം നല്കിയിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. സോഷ്യൽ മീഡിയ ഫീച്ചറുകൾ ഒന്നുമില്ലാത്ത ഈ ആപ്പ് നിലവിൽ 18 വയസ്സിന് മുകളിലുള്ള മുതിർന്നവർക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
ജെനറേറ്റീവ് എഐ സാങ്കേതികവിദ്യ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റ പുതിയ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ആപ്പ് മുഴുവനായി എന്ന് പുറത്തിറക്കും എന്ന കാര്യം കമ്പനി ഇതുവരെ ഔദ്യോഗികമായി
വ്യക്തമാക്കിയിട്ടില്ല.