മുംബൈ: നിർത്തിയിട്ടിരുന്ന കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് രക്തം വാർന്നു യുവാവ് മരിച്ചു. കാശിമിറ സ്വദേശി മോഹിത് സോണി (25) യാണ് മരിച്ചത്. കാറിന്റെ സ്റ്റിയറിംഗ് വീലിലെ എയർബാഗ് പെട്ടെന്ന് പുറത്തേക്ക് വരികയും, അതിന്റെ പ്ലാസ്റ്റിക് കവചം കഴുത്തിൽ ഇടിക്കുകയുമായിരുന്നു.
റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന മോഹിതിനെ കണ്ട കാൽനടയാത്രകാരനാണ് വിവരം പ്രദേശവാസികളെ അറിയിക്കുന്നത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.
ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മോഹിതിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എയർബാഗ് പുറത്തേക്ക് വന്നതിനെ തുടർന്ന് അതിന്റെ പ്ലാസ്റ്റിക് കവർ തെറിച്ച് മോഹിതിന്റെ കഴുത്തിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ആഴത്തിലുള്ള മുറിവേറ്റ മോഹിത് രക്തം വാർന്ന് ബോധരഹിതനാവുകയായിരുന്നു. അപകടസമയത്ത് ആരും കുടെയില്ലതിരുന്നതിനാൽ മോഹിതിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പേലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.