തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ നിർണായക നിലപാടുമായി സർക്കാർ. പ്രതികൾക്കെതിരെ ചുമത്തിയിരുന്ന വ്യോമയാന നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾക്കെതിരെയുള്ള ഗുരുതരമായ വകുപ്പുകൾ ഒഴിവാക്കിക്കൊണ്ട് ഇപ്പോൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ഇതിനെത്തുടർന്ന് ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ, വ്യോമയാന വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല.
കേന്ദ്ര അനുമതി ലഭിക്കാതിരുന്നിട്ടും കുറ്റപത്രത്തിൽ മാറ്റം വരുത്താൻ മുൻ എൽഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ ഈ ഗുരുതര വകുപ്പുകൾ ഒഴിവാക്കി സർക്കാർ പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നിവരാണ് കേസിലെ പ്രതികൾ. ഗൂഢാലോചന കുറ്റമാരോപിച്ച് മുൻ എംഎൽഎ കെ.എസ്. ശബരീനാഥനെയും കേസിൽ പ്രതി ചേർത്തിരുന്നു.