തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നുണയാശാൻ ആണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ.ബാലൻ. വർഗീയ അജണ്ട വച്ചാണ് സതീശന്റെ പരാമർശം എന്നും ബാലൻ കുറ്റപ്പെടുത്തി.
"ഇത്തരം വർഗയച്ചുവയോടെയുള്ള സതീശന്റെ പരാമർശം ജനങ്ങൾ തളളും. കോൺഗ്രസ് ഇപ്പോൾ തോൽവി ഭയന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്. ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ട്.'ബാലൻ പറഞ്ഞു.
എൻ.എം.ആർ. റസാഖ് കർമം കൊണ്ടും വിശ്വാസം കൊണ്ടും ജനമനസിൽ ഇടം നേടിയ ആളാണ്. കഴിഞ്ഞ ഒന്നരകൊല്ലം പാലക്കാട് കണ്ടത് അശ്ലീല സിനിമയാണെന്നും ബാലൻ പരിഹസിച്ചു.
മലമ്പുഴയിലും കോങ്ങാടും കോൺഗ്രസ് ബിജെപി ഡീലാണ് നടക്കുന്നത്. പാലക്കാട് ജില്ലയിലെ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് ജയിക്കും. പി.കെ. ശശിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തീവ്രത പരാമർശം ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.