റിയാദ്: സൗദി പ്രോ ലീഗ് കിരീടത്തിൽ മുത്തമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസർ ക്ലബും. നിർണായക മത്സരത്തിൽ ദമാക് എഫ്സിയോട് ഒന്നിനെതിരേ നാല് ഗോളുകൾക്ക് ജയിച്ചതോടെയാണ് അൽ നസർ കിരീടമുറപ്പിച്ചത്.
മൂന്നര വർഷമായി സൗദി ക്ലബിൽ തുടരുന്ന പോർച്ചുഗീസ് താരം ഇതാദ്യമായാണ് സൗദി പ്രോ ലീഗ് കിരീടം നേടുന്നത്. അൽ നസറിന്റെ ചരിത്രത്തിലെ പതിനൊന്നാം ലീഗ് കിരീടമാണിത്. ശക്തരായ അൽ ഹിലാലിനെ രണ്ട് പോയിന്റുകൾക്ക് പിന്നിലാക്കിയാണ് അവസാന മത്സരദിനത്തിൽ അൽ നസർ കിരീടമുറപ്പിച്ചത്.
മത്സരത്തിൽ രണ്ട് ഗോളുകൾ നേടി റൊണാൾഡോ കിരീടനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ചു. ആദ്യപകുതിയിൽ അൽ നസർ രണ്ടു ഗോളുകൾ നേടി ലീഡ് ചെയ്തെങ്കിലും ദമാക് ഒരു ഗോൾ തിരിച്ചടിച്ച് സമ്മർദമേറ്റി. 33-ാം മിനിറ്റിൽ സാദിയോ മാനേയാണ് അൽ നസറിനെ ആദ്യം മുന്നിലെത്തിച്ചത്.
51-ാം മിനിറ്റിൽ കോമാനും ഗോൾവല കുലുക്കിയതോടെ അൽ നസറിന് രണ്ടുഗോളിന്റെ ലീഡായി. 57-ാം മിനിറ്റിൽ മോർട്ടായെ സില്ലയുടെ ഗോളിൽ ദമാക് തിരിച്ചുവരവിന് ശ്രമിച്ചു. 63-ാം മിനിറ്റിൽ റൊണാൾഡോ ടീമിനായി എതിർ ടീമിന്റെ വലകുലുക്കി. 81-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ലഭിച്ച പന്ത് അതിമനോഹരമായി വലയിലെത്തിച്ച് അദ്ദേഹം വിജയം ഉറപ്പിച്ചു.
ഇതോടെ ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗ് കിരീടങ്ങൾക്കൊപ്പം സൗദി ലീഗ് കിരീടവും റൊണാൾഡോയുടെ അക്കൗണ്ടിലെത്തി. വൈകാതെ തന്റെ ആറാമത്തെ ലോകകപ്പിനായി പോർച്ചുഗൽ ജേഴ്സിയിൽ റൊണാൾഡോ ഫിഫാ ലോകകപ്പ് വേദിയിലെത്തും.