ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി റദ്ദാക്കി പുതിയ നിയമം അവതരിപ്പിച്ചുകൊണ്ട് ദശലക്ഷക്കണക്കിന് ദരിദ്രരിൽനിന്നും ജോലി ചെയ്യാനുള്ള അവകാശം കേന്ദ്രസർക്കാർ തട്ടിയെടുത്തതായി രാജ്യസഭാ പ്രതിപക്ഷനേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ ഒരു വർഷത്തെ ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആരോപണങ്ങളുമായി ഖാർഗെ രംഗത്തുവന്നത്. ബിജെപി സർക്കാരിന്റെ കൊള്ള, അഴിമതി, ദുർഭരണം തുടങ്ങിയവ രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായും അദ്ദേഹം ആരോപിച്ചു.
യാതൊരു തയാറെടുപ്പും കൂടാതെ എസ്ഐആർ നടപ്പാക്കിയതോടെ ദശലക്ഷക്കണക്കിനു സാധാരണക്കാരുടെ വോട്ടവകാശം ബിജെപി തട്ടിയെടുത്തു. രാജ്യത്തു സാന്പത്തിക അസമത്വത്തിന്റെ വിടവ് കൂടുതൽ ആഴത്തിലായി. രാജ്യത്തെ 40 ശതമാനം സന്പത്തും ഒരു ശതമാനം ആളുകളുടെ കൈകളിൽ ചുരുങ്ങി.
രൂപയുടെ മൂല്യം കൂപ്പുകുത്തി. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിൽ തുടരുന്നു. എങ്കിലും പരീക്ഷാപേപ്പർ ചോർച്ചയും അതുമായി ബന്ധപ്പെട്ട മാഫിയകളുടെ ചൂഷണങ്ങളും തുടരുന്നതായും ഖാർഗെ ആരോപിച്ചു.
അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ, സുരക്ഷാ വീഴ്ച, ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം, മണിപ്പുരിൽ തുടരുന്ന സംഘർഷം തുടങ്ങിയവ ബിജെപിയുടെ ഭരണപരാജയത്തിന്റെ നേർക്കാഴ്ചയാണെന്ന് ഖാർഗെ പറഞ്ഞു.