ലക്നോ: തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന, ബ്രിട്ടൻ ആസ്ഥാനമായുള്ള ഇസ്ലാമിക പ്രഭാഷകന്റെ ഉടമസ്ഥതയിലുള്ള അനധികൃത മദ്രസ ഉത്തർപ്രദേശ് ഭരണകൂടം പൊളിച്ചുനീക്കി. സന്ത് കബീർ നഗറിലെ ഖലീലാബാദ് ടൗണിൽ മീറ്റ് മണ്ഡി മേഖലയിലുള്ള മദ്രസയാണ് ഞായറാഴ്ച പൊളിച്ചത്.
മദ്രസ സമിതി നൽകിയ അപ്പീൽ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് നടപടി ആരംഭിച്ചതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഹൃദയ് റാം തിവാരി പറഞ്ഞു. 2013-ൽ ബ്രിട്ടീഷ് പൗരത്വം നേടിയ മൗലാന ഷംഷുൽ ഹുദാഖാനുമായി ബന്ധപ്പെട്ടതാണ് പൊളിച്ച മദ്രസയെന്ന് അധികൃതർ വ്യക്തമാക്കി.
അനധികൃത വിദേശ ഫണ്ടിംഗ്, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ കുറ്റങ്ങളിൽ മൗലാന ഷംഷുലിനെതിരേ ഭീകരവിരുദ്ധ സ്ക്വാഡ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ അന്വേഷണം നടത്തിവരികയാണ്.
ഖലീലാബാദ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്രസ നിർമിച്ചിരിക്കുന്ന ഭൂമി സർക്കാർ ഭൂമിയാണെന്നും കെട്ടിട നിർമാണത്തിന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. അസംഗഡ് സ്വദേശിയായ ഷംഷുൽ ഹുദാഖാൻ, തന്റെ രാജ ഫൗണ്ടേൻ എന്ന എൻജിഒ വഴിയും സ്വന്തം അക്കൗണ്ട് വഴിയും വിവിധ മദ്രസകളിലേക്ക് പണം എത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പാക് കേന്ദ്രമായുള്ള ദഅ്വത്തെ ഇസ്ലാമി എന്ന് സംഘടനയിൽ അംഗമാണെന്നും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു. തട്ടിപ്പ്, ഗൂഢാലോചന തുടങ്ങി വിവിധ കുറ്റങ്ങൾ ചുമത്തി മൂന്നു എഫ്ഐആറുകളാണ് ഉത്തർപ്രദേശ് പോലീസ് ഇയാൾക്കെതിരേ സമർപ്പി ച്ചിട്ടുള്ളത്.