കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പനയമ്പാടത്ത് നിർമിച്ച ഡിവൈഡർ ആംബുലൻസുകൾക്കും രോഗികൾക്കും തലവേദനയാകുന്നതായി പരാതി. റോഡ് നവീകരണത്തിൽ വന്ന അപാകതമൂലം അപകടങ്ങൾ വർധിച്ചതോടെയാണ് ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനിച്ചത്.
വളവുകളും വീതി കുറഞ്ഞ റോഡും ഇറക്കവും കയറ്റവും മൂലമാണ് 400 മീറ്റർ ദൂരമുള്ള ഈ ഭാഗത്ത് വാഹനാപകടങ്ങൾ ഉണ്ടാകാൻ കാരണമായത്. റോഡ് വളവുകൾ നിവർത്തി വീതികൂട്ടി നാലുവരി പാതയാക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് ഡിവൈഡർ സ്ഥാപിച്ച് അപകടങ്ങൾ കുറയ്ക്കാമെന്ന് നിർമാണകമ്പനിയും അന്നത്തെ സർക്കാരും തീരുമാനിച്ചത്.അതിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കുകയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
റോഡ് വീതി കൂട്ടാനോ വളവുകൾ നിവർത്താനോ കയറ്റവും ഇറക്കവും ഇല്ലാതാക്കാനോ യാതൊരു നടപടികളും സ്വീകരിക്കാതെ റോഡിനു നടുവിലൂടെ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കുകയായിരുന്നു.
അഴുക്ക്ചാലുകൾ ഇല്ലാത്ത ഭാഗത്ത് വെള്ളം ഒഴുകിപോകുന്നതിനു വേണ്ടി ചാലുകൾ നിർമിക്കുകയും ഇരുവശത്തും കോൺക്രീറ്റ് കട്ടകൾ പതിക്കുകയും ചെയ്തെങ്കിലും റോഡിന് വീതിയില്ലാത്തതിനാൽ ഒരേസമയം ഒരു വാഹനത്തിനു മാത്രമേ കടന്നുപോകാനാവൂ.
അത്യാസന്ന നിലയിലുള്ള രോഗികളുമായി വരുന്ന ആംബുലൻസിനു പോലും മുന്നിൽപോകുന്ന ലോറികളേയും ഗ്യാസ് ടാങ്കറുകളേയും മറികടന്ന് പോകാനാവില്ല.
മുന്നിൽപോകുന്ന വാഹനങ്ങൾ ഡിവൈഡർ സ്ഥാപിച്ച ദൂരം പിന്നിട്ടശേഷം മാത്രമേ കടന്നുപോകാൻ സാധിക്കുകയുള്ളു. ആംബുലൻസുകൾക്ക് അഞ്ചു മുതൽ 10 മിനിറ്റ് വരെ ഈ ഭാഗത്ത് തടസം നേരിടാറുണ്ട്. കല്ലടിക്കോട് ഭാഗത്തുനിന്ന് മണ്ണാർക്കാട്ടേയ്ക്ക് പോകുമ്പോഴും മണ്ണാർക്കാട് ഭാഗത്തു നിന്നും പാലക്കാട്ടേക്കായാലും ഗതാഗതതടസം ഉറപ്പാണ്.
കയറ്റം കയറി പോകുന്ന വാഹനം യന്ത്രതകരാർ മൂലം ഈ ഭാഗത്ത് നിന്നാൽ അതു പരിഹരിക്കുന്നതുവരെ ആംബുലൻസുകൾക്കും മറ്റ് മാർഗങ്ങൾ ഇല്ല. ഈ ഭാഗത്ത് സ്ത്രീകളും സ്കൂൾ കുട്ടികളടക്കമുള്ള യാത്രക്കാർക്കും നടന്നു പോകാൻ പോലും പറ്റാത്തസ്ഥിതിയുമാണുള്ളത്.
പുതിയ സർക്കാർ പനയമ്പാടത്തെ അപകടവളവുകൾ വീതികൂട്ടി അപകടരഹിതമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുകാർ.