ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ മൂന്ന് പ്രധാന പ്രതികളെ ജയിലിനുള്ളിൽ ചോദ്യം ചെയ്യാൻ ഡൽഹിയിലെ കോടതി സിബിഐക്ക് അനുമതി നൽകി.
ജുഡീഷൽ കസ്റ്റഡിയിലുള്ള കേസിലെ പ്രധാന പ്രതികളായ മനീഷ് സഞ്ജയ് വാഗ്മറെ, ധനഞ്ജയ് നിവൃത്തി ലോഖണ്ഡെ, ശുഭം മധുകർ ഖൈർനാർ എന്നിവരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നു കാട്ടി സിബിഐ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി വൻ തുക കൈപ്പറ്റി ചോദ്യപേപ്പർ ചോർത്തുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും സൗകര്യമൊരുക്കിയത് ഈ മൂന്ന് പ്രതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ കൂടുതൽ വ്യക്തതയും വിവരങ്ങളും തേടുന്നതിന് ഇവരെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടി.
മേയ് 13 നാണ് ലോഖണ്ഡെ, ഖൈർനാർ എന്നിവർ അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം മനീഷ വാഗ്മറെയും അറസ്റ്റിലായി. തുടർന്ന് ഇവരെ ജുഡീഷൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.