ഹവാന: അമേരിക്കൻ ഉപരോധംമൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ക്യൂബയിൽ പ്രതിഷേധവുമായി ജനം തെരുവിൽ. ക്യൂബയിലെ മൊറോൺ നഗരത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസ് പ്രതിഷേധക്കാർ തകർത്തു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും വൈദ്യുതി മുടക്കത്തിനും എതിരായാണു ജനം തെരുവിലിറങ്ങിയത്. കെട്ടിടം തകർത്ത പ്രതിഷേധക്കാർ സാധനസാമഗ്രികൾ തെരുവിൽ കത്തിക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം മൊറോൺ നഗരത്തിൽ സമാധാനപരമായി ആരംഭിച്ച റാലി ശനിയാഴ്ച പുലർച്ചെ അക്രമാസക്തമായതായി ക്യൂബൻ പത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്യൂബയിൽ സർക്കാരിനെതിരായ പ്രതിഷേധം അസാധാരണമാണ്. വൈദ്യുതി മുടക്കം, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ദൗർലഭ്യമാണ് അസ്വസ്ഥതകൾക്കു കാരണം.
തലസ്ഥാനമായ ഹവാനയിൽ അടുത്തിടെ മണിക്കൂറുകളോളം വൈദ്യുതിതടസം നേരിട്ടു. വൈദ്യുതി മുടക്കത്തിനെതിരേ ഹവാന സർവകലാശാലയിലെ വിദ്യാർഥികളും പ്രകടനം നടത്തി. പ്രതിഷേധക്കാരുടെ പല ആവശ്യങ്ങളും ന്യായമാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ സമ്മതിച്ചു.
എന്നാൽ, രാജ്യത്ത് അക്രമം അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അനിശ്ചിതമായ വൈദ്യുതി മുടക്കം പൗരന്മാർക്ക് ദുരിതമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഇതിനിടെ, അമേരിക്കയുമായി രഹസ്യചർച്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. യുഎസുമായി ചർച്ച നടത്തുന്നതായി ആദ്യമായാണ് ക്യൂബ പരസ്യമായി സമ്മതിക്കുന്നത്. സാമ്പത്തിക ഉപരോധങ്ങളും എണ്ണ ഇറക്കുമതിയിലെ തടസങ്ങളും മൂലം ക്യൂബ അതീവ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സുപ്രധാന വെളിപ്പെടുത്തൽ.
രാജ്യാന്തര തലത്തിലുള്ള ചില ശക്തികളുടെ മധ്യസ്ഥതയിലാണു ചർച്ചകൾ പുരോഗമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.