പത്തനംതിട്ട: വയറ്റിൽ കത്രിക മറന്നുവച്ച ചികിത്സാപ്പിഴവിനേക്കാൾ വലുതാണ്, ഒപ്പമുണ്ടാകുമെന്ന് പറഞ്ഞിട്ടു തിരിഞ്ഞു നോക്കാതിരുന്ന മന്ത്രി വീണാ ജോർജിന്റെ നിലപാട് സമ്മാനിച്ച മാനസിക വേദനയെന്ന് ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കേട് സ്വദേശിനി കെ.കെ. ഹർഷീന.
പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഹർഷീന.
താൻ ഒരു അമ്മയാണെന്നും ഹർഷീന അനുഭവിച്ച വേദന മറ്റൊരാളും അനുഭവിക്കാൻ ഇടയുണ്ടാക്കരുത് എന്നും പറഞ്ഞ മന്ത്രി പിന്നീട് നാല് വർഷവും തിരിഞ്ഞു നോക്കിയിട്ടില്ല. സമരപന്തലിൽ എത്തി തന്റെ നെറുകയിൽ ഉമ്മ വച്ചാണ് ആരോഗ്യമന്ത്രി അന്ന് തനിക്കു വാക്ക് നൽകിയത്. തന്റെ പഠനവും കരിയറും കുടുംബ ജീവിതവുമെല്ലാം ചികിത്സാപ്പിഴവ് മൂലം നശിച്ചു. തനിക്ക് രാഷ്ട്രീയമില്ലെന്നും താൻ അനുഭവിച്ച വേദനയാണ് തന്റെ രാഷ്ട്രീയമെന്നും ഹർഷീന പറഞ്ഞു.
താൻ നീതിക്കായി നാലു വർഷമായി നടത്തിവന്ന സമരത്തിൽ ഒരു സഹോദരനെപ്പോലെ ഒപ്പം നിന്ന ആളാണ് അബിൻ വർക്കി. സാധാരണക്കാർക്കൊപ്പം നിൽക്കുന്ന അബിൻ വർക്കിയേപ്പോലെയുള്ളവരാണ് ജനപ്രതിനിധികളായി വരേണ്ടതെന്നും ഹർഷീന അഭ്യർഥിച്ചു.
പ്രസവവേദന അനുഭവിച്ച് പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയെ, വനിതയായ ആരാഗ്യമന്ത്രി അപമാനിക്കുകയാണെന്ന് ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി ആരോപിച്ചു. തരാനുള്ളത് തന്നു എന്ന് മന്ത്രി പറഞ്ഞതു തന്നെ കളവാണ്.മന്ത്രിയുടെ പരാമർശം സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സ്ത്രീത്വത്തെ അപമനച്ചാൽ കൈയും കെട്ടി നോക്കിനിൽക്കാൻ കഴിയില്ലന്നും അബിൻ വർക്കി പറഞ്ഞു.